ന്യൂഡൽഹി: ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ധർമശാലയല്ല ഇന്ത്യയെന്ന് സുപ്രീം കോടതി. അറസ്റ്റിലായ ശ്രീലങ്കൻ പൗരന്റെ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്. 'ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ? 140 കോടി ജനങ്ങളുമായി നമ്മൾ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തു നിന്നുമുള്ള വിദേശ പൗരന്മാരെ താമസിപ്പിക്കാൻ കഴിയുന്ന ഒരു ധർമശാലയല്ല ഇത്' ജസ്റ്റിസ് ദത്ത പറഞ്ഞു.
ശ്രീലങ്കയിൽ ഒരുകാലത്ത് സജീവമായിരുന്ന തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് 2015ൽ ഹരജിക്കാരൻ അറസ്റ്റിലാവുന്നത്. 2018-ൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2022-ൽ മദ്രാസ് ഹൈകോടതി ശിക്ഷ ഏഴ് വർഷമായി കുറച്ചു. എന്നാൽ ശിക്ഷ കഴിഞ്ഞാലുടൻ രാജ്യം വിട്ട് പോകാനും നാടുകടത്തുന്നതിന് മുമ്പ് ഒരു അഭയാർഥി ക്യാമ്പിൽ താമസിക്കാനുമാണ് ആവശ്യപ്പെട്ടത്.
വിസ ഉപയോഗിച്ചാണ് താൻ ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടിൽ തന്റെ ജീവൻ അപകടത്തിലാണെന്നും ശ്രീലങ്കൻ തമിഴനായ ഇയാൾ സുപ്രീം കോടതിയെ അറിയിച്ചു. ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കി. മൂന്ന് വർഷത്തോളമായി താൻ തടങ്കലിൽ കഴിയുകയാണ്. നാടുകടത്തൽ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഹരജിക്കാരൻ വ്യക്തമാക്കി.
ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21, സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ഉറപ്പാക്കുന്ന ആർട്ടിക്കിൾ 19 എന്നിവ പ്രകാരമാണ് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്. നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാൽ ഹരജിക്കാരന്റെ തടങ്കൽ ആർട്ടിക്കിൾ 21 ന്റെ ലംഘനമല്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ആർട്ടിക്കിൾ 19 ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്താണ് അവകാശമെന്നും കോടതി ചോദിച്ചു. ശ്രീലങ്കയിൽ ഇയാളുടെ ജീവൻ അപകടത്തിലാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ഊന്നിപ്പറഞ്ഞപ്പോൾ എങ്കിൽ മറ്റൊരു രാജ്യത്തേക്ക് മാറാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.