പരീക്ഷ എഴുതിയത് പുറത്തിരുന്നവർ! കോൺസ്റ്റബിൾ പരീക്ഷയിൽ വിചിത്രമായ തട്ടിപ്പ്; ആറ് ഉദ്യോഗാർഥികൾ പിടിയിൽ

റാഞ്ചി: റാഞ്ചിയിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാണിച്ച ആറ് ഉദ്യോഗാർഥികൾ പിടിയിലായി. എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷക്കിടെയാണ് റിമോട്ട് ആക്സസ് സംവിധാനം വഴി ചോദ്യങ്ങൾ പുറത്തുനിന്ന് പരിഹരിക്കുന്ന വൻ തട്ടിപ്പ് പുറത്തായത്. സംഭവത്തെത്തുടർന്ന് പരീക്ഷാ കേന്ദ്രത്തിന്റെ ഉടമയും ജീവനക്കാരും ഒളിവിൽ പോയി.

റാഞ്ചി പന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പ്യൂട്ടർ സെന്ററിലാണ് സംഭവം. പരീക്ഷാർഥികൾ അനങ്ങുകയോ സിസ്റ്റത്തിൽ തൊടുകയോ ചെയ്യാതെ തന്നെ കമ്പ്യൂട്ടർ സ്ക്രീനിലെ കഴ്സർ തനിയെ നീങ്ങുന്നതും ചോദ്യങ്ങൾ പരിഹരിക്കപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ട നിരീക്ഷകനാണ് പൊലീസിനെ വിവരമറിയിച്ചത്. റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പരീക്ഷാ കേന്ദ്രത്തിന് പുറത്തിരിക്കുന്നവർ ഉദ്യോഗാർഥികളുടെ കമ്പ്യൂട്ടർ നിയന്ത്രിച്ചാണ് ഉത്തരങ്ങൾ നൽകിയിരുന്നത്.

പിടിയിലായ ആറ് പേരിൽ മൂന്ന് പേർ ബിഹാർ സ്വദേശികളാണ്. ബാക്കിയുള്ളവർ ജാർഖണ്ഡിലെ കൊഡർമ, ഹസാരിബാഗ്, ഗുംല എന്നിവിടങ്ങളിൽ നിന്നുള്ളവരും. ഡെറാഡൂൺ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും ഇതേ രീതിയിലുള്ള തട്ടിപ്പുകൾ നടന്നതായി വിവരമുണ്ടെന്ന് റാഞ്ചി സിറ്റി എസ്.പി പരാസ് റാണ പറഞ്ഞു.

തട്ടിപ്പിനായി ഉപയോഗിച്ച ആറ് കമ്പ്യൂട്ടറുകൾ, മാസ്റ്റർ കമ്പ്യൂട്ടറിന്റെ സി.പി.യു, രണ്ട് ഡി.വി.ആറുകൾ, റൂട്ടറുകൾ, അഞ്ച് മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റ്, അഡ്മിറ്റ് കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. സി.ഐ.ഡി അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷാ കേന്ദ്രം ഉടമയുടെയും സൂപ്രണ്ടിന്റെയും ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Tags:    
News Summary - Strange fraud in constable exam; Six candidates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.