ഇന്ന് മേൽവിലാസത്തിനും തിരിച്ചറിയൽ രേഖയായും ഒക്കെ നാം ഉപയോഗിക്കുന്ന ഫോട്ടോ പതിച്ച വോട്ടർ ഐ.ഡി കാർഡ് ഒരുകാലത്ത് അസാധ്യമെന്നുകരുതി വേണ്ടെന്നുവെച്ച പദ്ധതിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? രാജ്യത്തെ കോടിക്കണക്കിന് വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്ന ആശയം ഒരിക്കലും നടപ്പാക്കാൻ സാധ്യമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻപോലും ഒരുകാലത്ത് കരുതിയിരുന്നത്. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്ന ആശയം 1957 ലാണ് രൂപംകൊള്ളുന്നത്. എന്നാൽ, അത് പൂർണമായും യാഥാർഥ്യമായതാകട്ടെ 1994 ലും.
1957ലെ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ നഗരപ്രദേശങ്ങളിലെ വോട്ടർമാർക്ക് ഫോട്ടോയുള്ള ഐ.ഡി കാർഡുകൾ നൽകുന്നത് തിരിച്ചറിയൽ എളുപ്പമാക്കുമെന്ന് നിർദേശം ഉയർന്നിരുന്നു. 1960 മേയിൽ കൊൽക്കത്ത (സൗത്ത് വെസ്റ്റ്) പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കിയത്. 10 മാസത്തെ കഠിന പരിശ്രമത്തിനൊടുവിൽ മണ്ഡലത്തിൽ ആകെയുള്ള 3.42 ലക്ഷം വോട്ടർമാരിൽ 2.13 ലക്ഷം പേരുടെ ഫോട്ടോയെടുത്തു. എന്നാൽ 2.10 ലക്ഷം പേർക്ക് മാത്രമേ കാർഡാക്കി നൽകാൻ കഴിഞ്ഞുള്ളൂ. പദ്ധതി വിജയിക്കാതിരിക്കാൻ പ്രധാന കാരണം, സ്ത്രീ വോട്ടർമാരിൽ ഒരു വിഭാഗം ഫോട്ടോ എടുക്കാൻ വിസമ്മതിച്ചതാണ്. വനിത ഫോട്ടോഗ്രാഫർമാരെപോലും ചിത്രമെടുക്കാൻ പലരും അനുവദിച്ചില്ല. ഒരു വിഭാഗം വോട്ടർമാരെ കണ്ടെത്താനാനുമായില്ല. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൊൽക്കത്ത പദ്ധതിക്ക് 25 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. രാജ്യവ്യാപകമായി നടപ്പാക്കാൻ വരുന്ന ഭീമമായ ചെലവും പിന്മാറ്റത്തിന് കാരണമായി. പിന്നീട് രണ്ടുപതിറ്റാണ്ടോളം പദ്ധതി ഫയലിൽ ഉറങ്ങി. 1979 ലാണ് ആശയത്തിന് വീണ്ടും ജീവൻവെച്ചത്. ആ വർഷം ഒക്ടോബറിൽ സിക്കിമിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ നൽകി. തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും തിരിച്ചറിയൽ കാർഡുകൾ നൽകി.
1994 ലാണ് ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് നടപ്പാക്കാനുള്ള ഊർജിത ശ്രമം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപക പ്രചാരണത്തിനും സർക്കാർ തുടക്കമിട്ടു. 1995ൽ വോട്ടർപട്ടിക പരിഷ്കരിച്ചു. വോട്ടർ പട്ടികയും വോട്ടർ കാർഡും സംയോജിപ്പിക്കുക എന്നതായിരുന്നു കമീഷന് മുന്നിലെ അടുത്ത വെല്ലുവിളി. 1997ൽ വോട്ടർപട്ടികയുടെ കമ്പ്യൂട്ടർവത്കരണം തുടങ്ങി. 62 കോടിയിലധികം വോട്ടർമാരുടെ ഡേറ്റയും ഒന്നിലധികം ഭാഷകളിലെ വിവരങ്ങളും കൈകാര്യം ചെയ്യലും കമീഷന് വെല്ലുവിളിയായിരുന്നു. അവയെല്ലാം മറികടന്നാണ് രാജ്യമെമ്പാടും വോട്ടർ ഐ.ഡി കാർഡ് എന്ന മഹാദൗത്യം പൂർത്തിയാക്കിയത്.
2021 ആയപ്പോൾ ഇലക്ട്രോണിക് വോട്ടർ ഐ.ഡി കാർഡുകൾ കമീഷൻ പുറത്തിറക്കി. എഡിറ്റ് ചെയ്യാനാവാത്ത പി.ഡി.എഫ് ഫോർമാറ്റിലുള്ള പതിപ്പാണ് ഇ- വോട്ടർകാർഡ്. ചിത്രവും സീരിയൽ നമ്പറും സുരക്ഷിത ക്യു.ആർ കോഡും ഇതിലുണ്ട്. മൊബൈലിലോ കമ്പ്യൂട്ടറിലോ ഡിജിറ്റലായി സൂക്ഷിക്കാനാകുന്നതുമാണ് ഇ- വോട്ടർ കാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.