ന്യൂഡൽഹി: ദൃശ്യ, ഡിജിറ്റൽ വാർത്ത മാധ്യമങ്ങളിൽ വിദ്വേഷ പരാമർശം നടത്തുന്നത് വലിയ തോതിൽ വർധിച്ചതായി കണക്കുകൾ. ടി.വി ചാനലുകൾക്കും ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്കുമുള്ള സ്വയം നിയന്ത്രണ സമിതിയായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി കഴിഞ്ഞ മൂന്ന് വർഷം പുറപ്പെടുവിച്ച ഉത്തരവുകളിൽ 60 ശതമാനവും മതസൗഹാർദം സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ച പരിപാടികൾക്കെതിരെയാണ്.
2023 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെ 54 ഉത്തരവുകൾ അതോറിറ്റി പുറപ്പെടുവിച്ചതിൽ 32 എണ്ണം മതസൗഹാർദ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി പിഴ ചുമത്തിയ ഉത്തരവുകളാണ്. ലവ് ജിഹാദും തുപ്പൽ ജിഹാദും മുതൽ പ്രാദേശിക ന്യൂനപക്ഷ സമുദായങ്ങളെ ഉന്നം വെച്ച് ഇസ്രായേൽ-ഹമാസ് സംഘർഷം ഉപയോഗിച്ച സംഭവം വരെ അതോറിറ്റിക്ക് മുമ്പാകെ വന്നിട്ടുണ്ട്. ഭൂമി കൈയേറ്റങ്ങൾ, സ്ത്രീസുരക്ഷ, ഭക്ഷ്യ ശുചിത്വം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരാമർശിക്കുമ്പോൾ ജിഹാദ് പരാമർശങ്ങൾ നിരവധി തവണ ഉപയോഗിച്ചു.
വിദ്വേഷം അടക്കം വിലക്കുള്ള ഉള്ളടക്കങ്ങൾ ഭാഗികമായോ പൂർണമായോ നീക്കം ചെയ്യിക്കാനും പരമാവധി 25 ലക്ഷം രൂപ പിഴ ചുമത്താനും അതോറിറ്റിക്ക് കഴിയും. എന്നാൽ, അതോറിറ്റി അന്തിമ ഉത്തരവ് നൽകാൻ ശരാശരി 12 മാസം വരെ എടുക്കുന്നതിനാൽ പരാതിക്ക് അടിസ്ഥാനമായ ഉള്ളടക്കം അതേപടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തുടരുകയാണ്.
ഇതുവരെ ഏറ്റവും ഉയർന്ന പിഴയായി ലക്ഷം രൂപയാണ് ചുമത്തിയിട്ടുള്ളത്. മിശ്ര വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ വാസ്തവം പരിശോധിച്ച് തിട്ടപ്പെടുത്താതെ ലവ് ജിഹാദ് എന്ന പദം ഉപയോഗിച്ചതിന് ടൈംസ് നൗ നവഭാരതിനാണ് ഈ പിഴയിട്ടത്.
ജനസംഖ്യാ വർധനയുടെ കണക്കുകൾ വിശ്വസനീയമായ തെളിവില്ലാതെ ഏതെങ്കിലും സമുദായത്തെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ അതോറിറ്റിയിൽ എട്ട് അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.