ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ആശുപത്രി പൂട്ടി സീൽ ചെയ്തു

ഗാസിയാബാദ്: വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ 30കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പൂടി സീൽ ചെയ്തു. ഗാസിയാബാദ് ഷാലിമാർ ഗാർഡനിലെ സ്പർശ് ആശുപത്രിയാണ് ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് സീൽ ചെയ്തത്.

വിഷയത്തിൽ അന്വേഷണം നടത്താനും ഡോക്ടർമാരുടെയും ആശുപത്രിയുടെയും രേഖകൾ പരിശോധിക്കാനും നാല് ഡോക്ടർമാർ അടങ്ങുന്ന സമിതി രൂപവത്കരിച്ചു. രണ്ടാഴ്ച മുമ്പാണ് പിത്തസഞ്ചിയിൽ കല്ല് കണ്ടെത്തിയതിനെ തുടർന്ന് രോഹിത് എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. പിന്നാലെ, തിങ്കളാഴ്ച കാലിൽ നീരു വന്നതിനെ തുടർന്ന് വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തവണ വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി.

എന്നാൽ, ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് വൈകീട്ട് 4 മണിയോടെ മകൻ മരിച്ചതായി രോഹിത്തിന്റെ അച്ഛൻ പറയുന്നു. മരണവിവരം ഡോക്ടർമാർ കുടുംബത്തോട് മറച്ചുവെച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.

വിഷയം സമിതി അന്വേഷിക്കുമെന്നും അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഭവ്തോഷ് ശങ്ക്ധർ പി.ടി.ഐയോട് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പ്രദേശവാസികൾ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടുകയും ഡോക്ടർമാരെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Sparsh Hospital sealed after patient dies during surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.