കൊച്ചി, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിൽ വൻ റെയിൽവേ വികസനം കൊണ്ടു വരുമെന്ന് അശ്വിനി വൈഷ്ണവ്

കൊച്ചി: ചെന്നൈ, കോയമ്പത്തൂർ, എറണാകുളം നഗരങ്ങളിൽ വൻ റെയിൽവേ വികസനം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. 2030നകമായിരിക്കും റെയിൽവേ വികസനം നടപ്പിലാക്കുക. വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പടെ നടപ്പിലാക്കും.

കോച്ചിങ് ടെർമിനലുകളുടെ വികസനം, യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ഓപ്പറേഷൽ വികസനം നടപ്പാക്കുക എന്നിവയെല്ലാം പുതിയ വികസന പദ്ധതിയുടെ ലക്ഷ്യമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിലൂടെ ദേശീയതലത്തിൽ റെയിൽവേ നെറ്റ്‍വർക്കിന്റെ വികസനം സാധ്യമാകുമെന്ന് ദക്ഷിണ റെയിൽവേ മന്ത്രിയെ ഉദ്ധരിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ചെന്നൈ-എഗ്മോർ ​സ്റ്റേഷൻ വികസിപ്പിക്കും. എ.സി ടെർമിനലുകൾ, 44 ലിഫ്റ്റുകൾ, 31 എക്സ്ലേറ്ററുകൾ എന്നിവ വികസിപ്പിക്കും. താംബരത്തും കൂടുതൽ സൗകര്യം ഏർപ്പെടുത്തും. പേരാംബുർ സ്റ്റേഷനിൽ 342 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കും. കോയമ്പത്തൂരിൽ പോത്തന്നൂർ സ്റ്റേഷനിൽ രണ്ടാമത്തെ ടെർമിനൽ പണിയും. 100 കോടി ചിലവിലാവും പണിപൂർത്തിയാക്കുക.

എറണാകുളത്ത് ടൗൺ റെയിൽവേ സ്റ്റേഷൻ വികസനമാവും നടപ്പിലാക്കുക. രണ്ട് ഘട്ടങ്ങളിലായി യാത്രക്കാരുടെ സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാവും വികസനം നടത്തുക. ഇതിൽ ഒന്നാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നത്. സ്റ്റാഫ് ക്വാർട്ടേഴ്സ്, പാഴ്സൽ ഓഫീസ്, ഡ്യൂട്ടി എസ്.എം റൂം, ഒ.എഫ്.സി റൂം എന്നിവയുടെ വികസനമാവും നടപ്പിലാക്കുക.

Tags:    
News Summary - Southern Railway Upgrade: Double Train Capacity by 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.