‘അമ്മേ മാപ്പ്, ഇനിയൊരിക്കലും ഞാൻ വേദനിപ്പിക്കില്ല’; അധ്യാപകർക്കെതിരെ കുറിപ്പെഴുതി പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നും ചാടി ജീവനൊടുക്കി. തന്റെ മരണത്തിന് ഉത്തരവാദികളായവരെ കുറിച്ചും അവയവങ്ങൾ ദാനം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെത്തി. കുട്ടിയുടെ മരണത്തെ തുടർന്ന് ഡൽഹിയിലെ പ്രമുഖ സ്കൂളിലെ അധ്യാപകർക്കെതിരെ പിതാവ് പൊലീസിൽ പരാതി നൽകി.

തന്നെ മാനസികമായി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും മറ്റ് മൂന്ന അധ്യാപകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് കത്തിൽ പറയുന്നുണ്ട്. ആത്മഹത്യാക്കുറിപ്പിൽ തന്നെ എപ്പോഴും പിന്തുണച്ച അമ്മയോട് കുട്ടി മാപ്പ് ചോദിക്കുന്നുണ്ട്. അമ്മയെ ഒരുപാട് തവണ വേദനിപ്പിച്ചിട്ടുണ്ട്. ഇത് അവസാനത്തേതാണ്. സ്‌കൂളിൽ നടക്കുന്ന കാര്യങ്ങൾ മൂലം തനിക്ക് വേറെ മാർഗമില്ലെന്നും മറ്റൊരു വിദ്യാർഥിക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടി ഉണ്ടാവമെന്നും കത്തിൽ പറഞ്ഞു.

എഫ്.ഐ.ആർ പ്രകാരം പതിവ് പോലെ രാവിലെ 7:15ന് സ്കൂളിൽ പോവുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുട്ടി. ഏകദേശം മൂന്ന് മണിയായപ്പോഴാണ് രാജേന്ദ്ര പാലസ് മെട്രോ സ്റ്റേഷനിൽ നിന്ന് കുട്ടി പരിക്ക് പറ്റി കിടക്കുകയാണെന്ന് പറഞ്ഞ് അഛന് ഫോൺ വന്നത്. വിളിച്ച ആളോട് മകനെ ബി.എൽ കപൂർ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞു. പിന്നാലെ കുടുംബം ആശുപത്രിയിലെത്തിയപ്പോഴേക്കും മകൻ മരിച്ചെന്ന വിവരമാണ് അറിഞ്ഞത്.

മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് വിദ്യാർഥി ചാടിയത്. സ്കൂളിനെ പ്രിൻസിപ്പലിൽ നിന്നും മറ്റ് മൂന്ന് അധ്യാപകരിൽ നിന്നും കുട്ടി സമർദം നേരിട്ടതായി പിതാവ് പറഞ്ഞു. കൂടാതെ കഴിഞ്ഞ നാല് ദിവസമായി കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറഞ്ഞെന്നും മാതാപിതാക്കൾ ആരോപിച്ചു.

നാടകത്തിനിടെ ക്ലാസിൽ വീണ മകനെ അധ്യാപിക അപമാനിച്ചതായും കുട്ടിയെ വഴക്ക് പറഞ്ഞ് കരയിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന പ്രിർസിപ്പൽ ഒന്നും ചെയ്തില്ല. സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് അധ്യാപകർക്കെതിരെ സ്കൂളിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് കുട്ടിയുടെ അഛൻ ആരോപിച്ചു. പത്താം ക്ലാസ് പരീക്ഷ അടുത്തതിനാലാണ് തുടർനടപടികളുമായി മുന്നോട്ട് പോകാതിരുന്നതെന്നും പിതാവ് വ്യക്തമാക്കി. പരീക്ഷ കഴിഞ്ഞാൽ മ​റ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് കുട്ടിയോട് പറഞ്ഞിരുന്നു.

താൻ മരിക്കുന്നതിന്റെ കാരണത്തോടൊപ്പം ത​ന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നും കുട്ടി ആവ​ശ്യപ്പെട്ടിട്ടുണ്ട്. തന്റെ അവയവങ്ങൾ പ്രവർത്തനക്ഷമമാണെങ്കിൽ അത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യണമെന്നും ജ്യേഷ്ഠനോട് ദേഷ്യപ്പെട്ടതിനും അച്ഛനെ പോലെ നല്ലൊരു മനുഷ്യനാകാൻ കഴിയാത്തതിനും കുട്ടി കത്തിൽ മാപ്പ് അപേക്ഷിക്കുന്നുണ്ട്.

Tags:    
News Summary - "Sorry Mummy...": Delhi Boy Jumps To Death From Metro Station, Blames Teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.