പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക തീവ്രപരിശോധന പ്രക്രിയ പുരോഗമിക്കുന്നതിനിടെ, ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കൊൽക്കത്തയിലെ സോനാഗച്ചി പ്രദേശത്തെ ലൈംഗികത്തൊഴിലാളികൾ വോട്ടുചെയ്യാൻ തങ്ങളുടെ കൈവശമുള്ള ഔദ്യോഗിക രേഖകൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ഒരു പ്രാഥമിക യോഗം ചേർന്നു.
സോനാഗച്ചിയിലെ ഏകദേശം 8,000 ലൈംഗികത്തൊഴിലാളികളിൽ പലരും പതിറ്റാണ്ടുകളായി മാതാപിതാക്കളുമായി ബന്ധപ്പെടാത്തവരാണ്. പലരും ഇവിടെ എത്തിപ്പെട്ടിട്ട് നാടുമായോ നാട്ടുകാരുമായോ ബന്ധമില്ലാത്തവരും അവരെല്ലാം വോട്ട് ചെയ്യാനായുള്ള രേഖകൾ തിരഞ്ഞ് നടക്കുകയാണ്. ലൈംഗികതൊഴിലുമായി പുതുതായി വന്നവരും വോട്ടർപട്ടികയിലില്ല. ലൈംഗികത്തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ അവരുടെ സാഹചര്യം റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷനെ ബന്ധപ്പെടാൻ പദ്ധതിയിടുകയാണ്.
അതിനുമുമ്പേ വേണ്ട രേഖകളെ കുറിച്ച് അറിയാനായി യോഗം ചേരുകയുണ്ടായി. പ്രശ്നം സങ്കീർണമാണെന്നാണ് ലൈംഗികത്തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയായ ദർബാർ മഹിള സമന്വയ സമിതിയുടെ അഭിപ്രായം. പലരും ബംഗാളിന്റെ പലഭാഗത്തുനിന്നും തൊഴിൽതേടി എത്തിയവരാണ്. എന്ന് വന്നുവെന്ന് പോലും പലർക്കും അറിയില്ല. 30 വർഷംവരെ കഴിഞ്ഞവർ ഇവിടെയുണ്ട്. ചെറുതിലേ വീടുവിട്ടിറങ്ങിവരും ജന്മസ്ഥലമേതെന്ന് പോലുമറിയാത്തവരുമുണ്ട്.
2022 ലെ സുപ്രീം കോടതി വിധിയിൽ വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം ബഹുമാനവും തുല്യ സംരക്ഷണവും ലഭിക്കാൻ അർഹതയുണ്ടെന്നും പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിക്കുശേഷവും, നമ്മുടെ സ്വത്വത്തിനും അവകാശങ്ങൾക്കും വേണ്ടി നമ്മൾ ഇനിയും പോരാടേണ്ടിവരുമെന്ന് ഞങ്ങൾ ആശങ്കാകുലരാണെന്ന് അവർ പറയുന്നു. ഇവിടെയുള്ള എല്ലാ മുറികളും കെട്ടിടങ്ങളും സന്ദർശിച്ച് ലൈംഗികത്തൊഴിലാളികളുടെ അഭിപ്രായം തേടുകയാണ്.
തുടർന്ന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കേണ്ട സമയം എപ്പോൾ തീരുമാനിക്കുമെന്ന് ഞങ്ങൾ തീരുമാനിക്കും, ലൈംഗികത്തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ഉഷ മൾട്ടിപർപ്പസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് ഭാരതി ഡേ പറഞ്ഞു. വോട്ടവകാശത്തിനായി ലൈംഗികത്തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന എല്ലാ സംഘടനയുടെയും ഭാരവാഹികളും യോഗത്തിനെത്തുമെന്നും രേഖകൾ ലഭിക്കുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുകയാണെന്നും ഭാരതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.