ന്യൂഡൽഹി: യാത്രാവിമാനങ്ങൾ പറത്തുന്നതിന് ആവശ്യമായ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (എ.ആർ.സി) ഇല്ലാതെ എയർബസ് എ320 വിമാനം സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഏവിയേഷൻ റെഗുലേറ്ററായ ഡി.ജി.സി.എ ഒരു കോടിരൂപ പിഴ ചുമത്തി. മതിയായ സുരക്ഷാ അനുമതിയില്ലാതെ എട്ട് തവണയാണ് ഈ വിമാനം സർവീസ് നടത്തിയത്. ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകളാണ് വിമാനം നടത്തിയത്.
വിസ്താര എയർലൈനിന്റേതായിരുന്ന വി.ടി-ടി.എൻ.ക്യു എന്ന രജിസ്ട്രേഷനിലുള്ള എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തിയത്. വിമാനം ഏറെ നാളായി ഗ്രൗണ്ട് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് നവംബർ 24നും 25നുമാണ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ടും പറത്തിയത്.
വിമാനങ്ങളുടെ സുരക്ഷ പരിശോധിച്ച ശേഷം ഓരോ വർഷവും നൽകുന്ന സർട്ടിഫിക്കറ്റാണ് എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ്. ഇത് കൈവശമില്ലാതെ വിമാനം പറത്തുന്നത് യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് ഡി.ജി.സി.എ നിരീക്ഷിച്ചു. വിമാനം പറത്തുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ പരിശോധിക്കുന്നതിൽ പൈലറ്റുമാർക്കും എൻജിനീയർമാർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഴ്ചയുടെ ഉത്തരവാദിത്തത്തിന് എയർ ഇന്ത‍്യ സി.ഇ.ഒ കാംബെൽ വിൽസൺ മറുപടി നൽകണമെന്ന് ഡി.ജിസി.എ നിർദേശിച്ചു.
സുരക്ഷാവീഴ്ച എയർ ഇന്ത്യ സ്വമേധയാ റിപ്പോർട്ട് ചെയ്തതാണെന്നും, ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ വക്താവ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ചില ജീവനക്കാർക്കെതിരെ എയർ ഇന്ത്യ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വ്യോമയാന നിയമങ്ങൾ പാലിക്കുന്നതിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് ഡി.ജി.സി.എ ഇതിനെ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.