ജയ്പൂരിലെ ഷഹീദ് സ്മാരകിൽ എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന പ്രതീകാത്മക പ്രതിഷേധത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ പ്രവർത്തകൻ, ഹർദീപ് സിങ് പുരി
ന്യൂഡൽഹി: ശരാശരിയിലും താഴ്ന്ന ഒരു മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ഹർദീപ് സിങ് പുരിയെ എം.പി പോലുമാക്കുന്നതിനുമുമ്പ് കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ്.
അദ്ദേഹത്തിന്റെ പക്കൽ മോദിയുടെ വല്ല രഹസ്യങ്ങളുമുണ്ടോ എന്ന് തനിക്കറിയില്ലെന്നുപറഞ്ഞ കോൺഗ്രസ് വക്താവ് പവൻ ഖേര, ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്നതിൽ നിന്ന് ഇപ്പോൾ ‘ധർ ധർ മോദി’യായി മാറിയെന്ന് കൂട്ടിച്ചേർത്തു. ഹർദീപ് സിങ്പുരിയുടെ രാജിക്കായുള്ള മുറവിളി പാർലമെന്റിനകത്തും പുറത്തും ശക്തമാക്കുന്നതിനിടയിൽ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പവൻ ഖേരയാണ് ഈ ആവശ്യമുന്നയിച്ചത്.
മോദിയുടെ ‘നവരത്നങ്ങളി’ൽ ഒന്നായ കേന്ദ്ര പെട്രോളിയം മന്ത്രി, എപ്സ്റ്റീൻ ഫയലുകളുടെ കാര്യത്തിൽ പറയുന്നതെല്ലാം നുണയാണെന്ന് ഫയലുകൾ ഉദ്ധരിച്ച് പവൻ ഖേര ആരോപിച്ചു. ‘‘2014 -2016 കാലത്ത് ഒരു ഔദ്യോഗിക ചുമതലയുമില്ലാതിരുന്ന പുരി ആരുടെ നിർദേശ പ്രകാരമാണ് എപ്സ്റ്റീനെ കാണാൻ പോയത്? 2015 ജൂലൈയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയെ കുറിച്ച് അതിനും ഏഴുമാസം മുമ്പ്, മന്ത്രിസഭയിലും സർക്കാറിലുമില്ലാത്ത ഹർദീപ് സിങ് പുരി എപ്സ്റ്റീനോട് പറയുന്നുണ്ട്. ഹർദീപ് സിങ്ങിന് എങ്ങനെയാണ് ഈ വിവരം ലഭിച്ചത്?’’ -പവൻ ഖേര ചോദിച്ചു.
പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളിൽ താൻ അങ്ങേയറ്റം രോഷാകുലനാണെന്നും പുരിക്കയച്ച ഒരു മെയിലിൽ എപ്സ്റ്റീൻ പറയുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യയിൽ വന്ന ശേഷമായിരുന്നു എപ്സ്റ്റീന്റെ ഈ രോഷ പ്രകടനം. ഹർദീപ് സിങ് പുരി വഴി മോദിയെ അറിയിക്കാൻ നമ്മുടെ പശ്ചിമേഷ്യൻ നയത്തിൽ എപ്സ്റ്റീന്റെ രോഷത്തിന് കാരണമെന്തായിരുന്നു? തുടർന്ന് 2017ൽ മോദി ഇസ്രായേലിൽ പോയി.
ഫലസ്തീനിൽ പോയതുമില്ല. ഇതേ കുറിച്ചാണ് ഇസ്രായേലിന്റെ കൂടെ നൃത്തം ചെയ്തുവെന്ന് എപ്സ്റ്റീൻ പറഞ്ഞത്. രാജ്യത്തിന്റെ വിദേശ നയം അന്നത്തെ വിദേശ മന്ത്രി സുഷമാ സ്വരാജ് ആയിരുന്നില്ല തീരുമാനിച്ചത്. സുഷമയുടെ പേരോ എസ്. ജയ്ശങ്കർ അടക്കമുള്ള അക്കാലത്തെ യു.എസിലെ ഇന്ത്യൻ അംബാസഡർമാരുടെ പേരോ എപ്സ്റ്റീൻ ഫയലിൽ ഇല്ലെന്നും പവൻ ഖേര പറഞ്ഞു.
ബജറ്റ് ചര്‍ച്ചക്കിടെ രാഹുല്‍ഗാന്ധി എപ്സ്റ്റീന് ഫയല്‍ വിഷയം ഉന്നയിച്ചതോടെ പിന്നീട് പുരിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തിയിരുന്നു. പുരിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേള തടസ്സപ്പെട്ടതോടെ ശൂന്യവേള ആരംഭിക്കുന്ന 12 മണിവരെ പിരിഞ്ഞു. സഭ വീണ്ടും ആരംഭിച്ചതോടെ തുടർ നടപടികൾ അവസാനിപ്പിച്ച് മാർച്ച് ഒമ്പത് വരെ പിരിയുകയാണ് ഉണ്ടായത്. പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്തും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി.
ന്യൂഡൽഹി: ജയിലിൽ മരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നടത്തിയ കൂടുതൽ സമ്പർക്കങ്ങൾ പുറത്ത്. 2014 നവംബർ 13ന് നയതന്ത്ര പ്രതിനിധി ആയിരിക്കെ പുരി, എപ്സ്റ്റീനും ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാനും അയച്ച ഇ-മെയിലും പുറത്തു വന്നിട്ടുണ്ട്. പുരിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം എപ്സ്റ്റീന്റെ മെയിലിൽ വ്യക്തമാണ്. ഇന്ത്യയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എപ്സ്റ്റീന്റെ സഹായിയായ വനിതക്ക് അടിയന്തരമായി വിസ ശരിയാക്കാൻ സഹായിച്ച വിവരവുമുണ്ട്.
ഒന്നിച്ച് കാപ്പി കുടിക്കാൻ സമയം ചോദിച്ച് പുരി അയച്ച മെയിൽ 2015ൽ എപ്സ്റ്റീൻ നോർവീജിയൻ നയതന്ത്ര പ്രതിനിധി തെർജെ റൊഡ് ലാർസന്‍ ഫോർവേഡ് ചെയ്തതിന് മറുപടിയായി ലാർസൻ അയച്ച പ്രതികരണം, ‘ഇന്ത്യക്കാരനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാൽ ആദ്യം ഇന്ത്യക്കാരനെ കൊല്ലണമെന്നാണ് പറയാറുള്ളത്’ എന്നായിരുന്നു. ‘രണ്ടിനെയും എങ്ങനെ വേർതിരിച്ചറിയും’ എന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി.
പുരിയുടെ കൂടുതൽ ഇ-മെയിലുകൾ പുറത്തു വന്നതോടെയാണ് രാഹുൽ ഗാന്ധി ഈ വിഷയം പാർലമെന്റിൽ പരാമർശിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് പിന്നീട് നടത്തിയ വാർത്തസമ്മേളനത്തിൽ പുരി പ്രതികരിക്കുകയും ചെയ്തു. ഹർദീപ് സിങ് പുരി ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. പിന്നീട് 2013ൽ വിദേശകാര്യ സർവിസിൽനിന്ന് വിരമിച്ച് 2014ൽ ബി.ജെ.പിയിൽ ചേർന്നു. എൻ.ഡി.എ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് 2021ൽ പെട്രോളിയം, പ്രകൃതിവാതക വകുപ്പിന്റെ ചുമതല നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.