എന്തോ തകരാറുണ്ട്!; ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് രഘുറാം രാജൻ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് റിസർവ് ബാങ്ക് (ആർ.ബി.ഐ) മുൻ ഗവർണർ രഘുറാം രാജൻ. സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വികസിക്കുന്നുവെന്നാണ് ജി.ഡി.പി കാണിക്കുന്നത്. എന്നാൽ രാജ്യത്ത് ദുർബലമായ കോർപ്പറേറ്റ് നിക്ഷേപവും മന്ദഗതിയിലുള്ള വിദേശ മൂലധനവരവും ഈ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥയിൽ "എന്തോ തകരാറുണ്ട്" എന്നു രാജൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വളർച്ചാ കണക്കും നിക്ഷേപങ്ങളും തമ്മിൽ വൻ അന്തരമുണ്ട്. സമ്പദ്‌വ്യവസ്ഥ ഈ നിരക്കിൽ വളരുകയാണെങ്കിൽ, നിക്ഷേപം തീർച്ചയായും ഉയർന്നിരിക്കും. മറിച്ചുള്ള വളർച്ചാനിരക്ക് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റ് നിക്ഷേപത്തിന്റെ അഭാവം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിൽ ഒന്നാണെന്ന് മുൻ ആർ.ബി.ഐ മേധാവി വിശേഷിപ്പിച്ചു. ശക്തമായ വളർച്ചാ പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു ദശാബ്ദത്തിലേറെയായി ഈ പ്രവണത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"കോർപ്പറേറ്റ് നിക്ഷേപം ഉയർന്നുവരുന്നില്ല എന്നത് 10 വർഷം മുമ്പുള്ള ഒരു പ്രതിബന്ധമായിരുന്നു. ഇന്നും അത് ഒരു പ്രധാന പ്രതിബന്ധമാണ്," അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ 10 വർഷമായി നാം കണ്ടിട്ടുള്ള വളർച്ചയ്ക്കുള്ള ഏക ഉത്തരം, ഒരുപക്ഷേ ആ സംഖ്യകൾ സൂചിപ്പിക്കുന്നതിനേക്കാൾ കുറഞ്ഞ ശക്തിയിൽ നമ്മൾ വളരുന്നുണ്ടെന്നതാണ്"- അദ്ദേഹം പറഞ്ഞു.

ബിസിനസ് മേഖലയിലെ യാഥാർഥ്യങ്ങൾ

ബിസിനസ് മേഖലയിലെ ചലനങ്ങൾ ഔദ്യോഗിക ജി.ഡി.പി കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങളെ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. "അവർ നിക്ഷേപം നടത്തുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത് ഈ വളർച്ചാ സംഖ്യകളുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഡിമാൻഡ് അവർ കാണുന്നില്ല എന്നാണ്. അതായത് വളർച്ചാനിരക്ക് സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നില്ല എന്നാണ്," അദ്ദേഹം പറഞ്ഞു.

വിദേശനിക്ഷേപം കുറയുന്നു

വിദേശനിക്ഷേപം കുറയുന്നതും ദുർബലമായ മൂലധന വരവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകർ രാജ്യത്ത് പുതിയ മൂലധനമിറക്കാൻ മടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

"എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ഗണ്യമായി കുറഞ്ഞു. ഇന്ത്യയിൽ ഫാക്ടറികളുണ്ടാക്കാൻ അവർ പണം കൊണ്ടുവരുന്നില്ല. ഓഹരി വിപണിയിൽ നിക്ഷേപകർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു"- അദ്ദേഹം പറഞ്ഞു.

2047ന് ശേഷം എന്ത്?

2047 ഓടെ ഒരു വികസിത രാഷ്ട്രമാകുക എന്ന ലക്ഷ്യത്തിനപ്പുറം വ്യക്തമായ സാമ്പത്തിക ദർശനം ഇല്ലെന്നും രാജൻ പറഞ്ഞു. വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മനുഷ്യ മൂലധന വികസനം എന്നിവയ്ക്കായി നയരൂപകർത്താക്കൾ കൂടുതൽ വ്യക്തമായ ഒരു തന്ത്രം രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"2047 ഓടെ ഒരു വികസിത രാജ്യമാകാൻ ആഗ്രഹിക്കുന്നതല്ലാതെ ഇന്ത്യയുടെ കാഴ്ചപ്പാട് എന്താണെന്ന് ആർക്കും അറിയില്ല. നിങ്ങൾ എന്താണ് ഊന്നിപ്പറയാൻ പോകുന്നത്? വളർച്ചാ തന്ത്രം എന്താണ്? ജനങ്ങളിൽ നിങ്ങൾ എത്രത്തോളം നിക്ഷേപിക്കാൻ പോകുന്നു? ഇതൊന്നും പ്രത്യേകിച്ച് വ്യക്തമല്ല," അദ്ദേഹം പറഞ്ഞു.

ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഫലപ്രാപ്തിയെ അദ്ദേഹം ചോദ്യം ചെയ്തു, വർഷങ്ങളായി ശ്രമിച്ചിട്ടും ഇന്ത്യ ഇതുവരെ ഒരു പ്രധാന ഉൽപ്പാദന ശക്തിയായി ഉയർന്നുവന്നിട്ടില്ലെന്നും രാജൻ ചൂണ്ടിക്കാട്ടി.

യുദ്ധവും എണ്ണ വിലയും

പശ്ചിമേഷ്യൻ പ്രതിസന്ധിയും എണ്ണവിലവർധനയും കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുമെന്നും രാജൻ മുന്നറിയിപ്പ് നൽകി. ഈ മേഖലയിലെ നിക്ഷേപത്തിന്റെ അഭാവം വലിയൊരു മുന്നറിയിപ്പ് സൂചനയാണ്. "നിക്ഷേപത്തിന്റെ അഭാവം കൽക്കരി ഖനി മേഖലയിലെ ഒരു കാനറി (വിപത്ത്) പോലെയാണ്. അത് എന്തോ ശരിയല്ലെന്ന് നമ്മോട് പറയുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില വർധനവ് ഇന്ത്യക്കാർക്ക് വലിയ സാമ്പത്തികബാധ്യത വരുത്തിവച്ചിട്ടുണ്ട്. അതിന്റെ ഒരു ഭാഗം സർക്കാരിനെയും ബാധിക്കുന്നുണ്ടെന്ന് രാജൻ വാദിച്ചു.

"സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് എത്രത്തോളം ആഘാതം നേരിടാൻ കഴിയും എന്നതിന് ഒരു പരിധിയുണ്ട്,"- അദ്ദേഹം പറഞ്ഞു, ദീർഘകാല സബ്സിഡികൾ കടം വർധിപ്പിക്കാനും പൊതുഖജനാവിനെ പ്രതിസന്ധിയിലാക്കാനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള നീക്കിയിരിപ്പ് കുറയാനും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ ഊർജ്ജ ചെലവുകൾ ഉപഭോക്താക്കൾ നേരിട്ട് ഏറ്റെടുക്കേണ്ടി വരും. എണ്ണവിലയിലെ വർധനവ് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും വർധിപ്പിക്കുന്നതിനാൽ പണപ്പെരുപ്പത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുനർമൂല്യനിർണയം

സാമ്പത്തിക നയത്തിൽ വിശാലമായ പുനർമൂല്യനിർണയം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്ന, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പരിഷ്കാരങ്ങൾ ഇന്ത്യക്ക് ആവശ്യമാണ്. എന്തോ തെറ്റ് സംഭവിക്കുന്നുണ്ടെന്ന് അംഗീകരിക്കാനുള്ള സന്നദ്ധത നമുക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - Something is off: Raghuram Rajan questions India's growth narrative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.