തൊഴിലില്ലായ്മ, പണപ്പെരുപ്പം, സി.ബി.എസ്.ഇ-നീറ്റ് വിവാദം...; മോദി സർക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തെ ജനകീയ പ്രശ്നങ്ങൾ ഉയർത്തി നരേന്ദ്രമോദി സർക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. നരേന്ദ്രമോദി സർക്കാർ 12 വർഷം പിന്നിട്ടതോടെ തൊഴിലില്ലായ്മ, പണപ്പെരുപ്പം, ​വിദ്യാഭ്യാസ മേഖലയിലെ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ​പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാകും പ്രതിഷേധം.

ഇന്ദിരാഭവനിൽ വ്യാഴാഴ്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലക്കാർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ജൂൺ അവസാനത്തോടെ പ്രക്ഷോഭം ആരംഭിച്ച് ര​ണ്ടോ മൂന്നോ മാസം വരെ പ്രക്ഷോഭം തുടരുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.

തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച, പണപ്പെരുപ്പം, മോദി സർക്കാരിന്റെ വിനാശകരമായ നയങ്ങൾ തുടങ്ങിയവ ചർച്ചചെയ്തു. ആദ്യ മൂന്നുമാസത്തെ പ്രചാരണ പരിപാടികൾക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമാവുമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ രാജ്യസഭാ നാമനിർദ്ദേശം നിരസിച്ചതിനെക്കുറിച്ചും പാർട്ടി ചർച്ച ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയമായും നിയമപരമായും ഈ വിഷയത്തെ നേരിടുമെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് വേണുഗോപാൽ പറഞ്ഞു.

സീറ്റ് മോഷണത്തിന്റെ വ്യക്തമായ ഒരു കേസാണിത്. അവർ മറ്റ് പാർട്ടികളിൽ നിന്ന് എം.പിമാരെ രാജിവെക്കാൻ നിർബന്ധിക്കുകയും പിന്നീട് ബി.ജെ.പി എം.പിമാരാക്കുകയും ചെയ്യുന്നു. ഞങ്ങൾ ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ വിലക്കയറ്റം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണ്. എം.എസ്.എം.ഇ മേഖല പൂർണമായും തകർന്നിരിക്കുന്നു. യുവാക്കൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. തൊഴിലവസരങ്ങളില്ലെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.

മോദിസർക്കാർ രാജ്യത്തെ അതിഗുരുതരാവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാറിന്റെ വിദേശ, വ്യാപാര നയങ്ങളെയും അദ്ദേഹം വിമർശിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ അമേരിക്കയുടെ ആജ്ഞാപനം അനുവദിച്ചുവെന്നും നിർദ്ദിഷ്ട ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ കർഷകരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ, പാചകവാതകം, മറ്റ് അവശ്യവസ്തുക്കളുടെ വിലവർധന, നീറ്റ്-സി.ബി.എസ്.ഇ. പരീക്ഷാ പ്രശ്‌നം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. എല്ലാ പി.സി.സി.കളും യോഗം ചേർന്ന് പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യും. എല്ലാ സംഘടനാ തലങ്ങളിലും ഫലപ്രദമായ നിരീക്ഷണവും ഏകോപനവും ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - Congress plans nationwide stir against Centre over unemployment inflation and paper leaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.