പുതുക്കിയ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് ജൂലൈ 15നകം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ജയ്പൂർ: സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പുതുതായി സജ്ജമാക്കിയ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് ജൂലൈ 15നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.എന്‍.ഐ.ടി) വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഔദ്യോഗിക റെയിൽവേ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നം ചൂണ്ടി കാട്ടി വിദ്യാർഥി ഉന്നയിച്ച പരാതിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ വെബ്‌സൈറ്റ് വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ 30 ദിവസത്തിനകം പുതിയ വെബ്സൈറ്റ് സജ്ജമാക്കുമെന്നും ജൂലൈ 15നോട് ഇത് നിലവിൽ വരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

തിരക്കേറിയ സമയങ്ങളിലെ വെബ്‌സൈറ്റ് തകരാറുകളും സാങ്കേതിക തടസങ്ങളും മൂലം ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് പണ്ടുമുതലേ വിമർശനങ്ങൾ നേരിടുന്നുണ്ട്. തത്കാൽ ബുക്കിംഗ് സമയങ്ങളിലെ ഒ.ടി.പി പ്രശ്നങ്ങളും അമിത ട്രാഫിക് മൂലമുള്ള തടസ്സങ്ങളുമാണ് യാത്രക്കാരുടെ പ്രധാന പരാതികൾ. 2002ൽ ഇന്ത്യൻ റെയിൽവേ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതുമുതൽ ഡിജിറ്റൽ ബുക്കിംഗ് സംവിധാനം രാജ്യത്ത് വ്യാപകമായി. നിലവിൽ ഏകദേശം 88 ശതമാനം ടിക്കറ്റ് വിൽപനയും ഓൺലൈൻ മുഖേനയാണ് നടക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം . 2025 ജൂലൈ മുതൽ ആധാർ കാർഡ് ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റോ ആപ്പോ വഴി തത്കാൽ സ്കീമിന് കീഴിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. 2025ൽ 3.04 കോടി ഐആർസിടിസി ഉപയോക്തൃ അക്കൗണ്ടുകൾ നിർജ്ജീവമാക്കുകയും, 2.94 കോടി അക്കൗണ്ടുകൾ 'റീവാലിഡേഷൻ'ഓപ്ഷനോടെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേ സമയം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതായി ഐ.ആർ.സി.ടി.സി അറിയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള തങ്ങളുടെ ബേസ് കിച്ചണുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വഴി 24 മണിക്കൂറും പ്രക്രിയ നിരീക്ഷിക്കാൻ സാധിക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. രാജ്യത്തുടനീളമുള്ള എണ്ണൂറിലധികം ഐ.ആർ.സി.ടി.സി കിച്ചണുകൾ 2,394 എ.ഐ അധിഷ്ഠിത ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ സെൻട്രൽ വാർ റൂമിൽ നിന്നാണ് ഇവ നിരീക്ഷിക്കുന്നത്. 

Tags:    
News Summary - Updated IRCTC Website by July 15; Announces union minister Ashwini Vaishnaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.