രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകിയെന്ന് ബി.ജെ.പി എം.പിമാരുടെ പരാതി; പ്രസംഗത്തിലെ കടന്നാക്രമണം വഴിതിരിച്ചുവിടാൻ ശ്രമം

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്ലയിങ് കിസ്’ ആരോപണവുമായി ബി.ജെ.പിയിലെ വനിതാ എം.പിമാർ. രാഹുലിന് ശേഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുമ്പോൾ ‘ഫ്ലയിങ് കിസ്’ നൽകുന്നത് പോലെ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം.


Full View

പ്രസംഗം അവസാനിപ്പിച്ച് രാജസ്ഥാനിലെ ഒരു പരിപാടിയിലേക്ക് പ​ങ്കെടുക്കാനാണ് രാഹുൽ പോയത്. ഇതിനിടെ സ്മൃതി ഇറാനി പ്രസംഗം തുടങ്ങിയപ്പോൾ അദ്ദേഹം ​കൈകൊണ്ട് ആംഗ്യം കാണിച്ചു​വെന്നാണ് പറയുന്നത്. ഇതേക്കുറിച്ച് രാഹുൽ ഗാന്ധിയുടെ പേര് പറയാതെ സമൃതി ഇറാനി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ‘എനിക്ക് മുമ്പ് സംസാരിച്ചയാൾ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ വനിതാ പാർലമെന്റംഗങ്ങളോട് ‘ഫ്ലയിങ് കിസ്’ കാണിക്കാൻ കഴിയൂ. അദ്ദേഹത്തിന്റെ കുടുംബവും പാർട്ടിയും സ്ത്രീകളെക്കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുമ്പ് കണ്ടിട്ടില്ല’ -സ്മൃതി ഇറാനി പറഞ്ഞു.

തുടർന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ നിരവധി വനിതാ ലോക്‌സഭാംഗങ്ങൾ സ്പീക്കർ ഓം ബിർളയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. ‘കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എംപി ശ്രീ. രാഹുൽ ഗാന്ധി സഭയിൽ നടത്തിയ സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേന്ദ്രമന്ത്രിയും സഭാംഗവുമായ സ്മൃതി സുബിൻ ഇറാനി സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ അവരോട് പ്രസ്തുത അംഗം അപമര്യാദയായി പെരുമാറുകയും അനുചിതമായ ആംഗ്യം കാണിക്കുകയും ചെയ്തു. സഭയിലെ അന്തസ്സുള്ള വനിതാ അംഗങ്ങളെ അപമാനിക്കുക മാത്രമല്ല, ഈ ഹൗസിന്റെ അന്തസ്സ് താഴ്ത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത അംഗത്തിന്റെ പെരുമാറ്റത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നാണ് പരാതിയിലുള്ളത്.

‘എല്ലാ അംഗങ്ങൾക്കും ഫ്ലയിങ് കിസ് നൽകി രാഹുൽ ഗാന്ധി പോയി. ഇത് അംഗത്തിന്റെ അനുചിതവും അസഭ്യവുമായ പെരുമാറ്റമാണ്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് മുതിർന്ന അംഗങ്ങൾ പറയുന്നത്. എന്ത് സ്വഭാവമാണിത്? അദ്ദേഹം എന്ത് നേതാവാണ്?” -പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശോഭ കരന്ദ്‌ലാജെ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണ​മെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

അയോഗ്യത പിൻവലിച്ചതിനെ തുടർന്ന് എംപിയായി തിരിച്ചെടുത്ത ശേഷമുള്ള ആദ്യ പ്രസംഗമാണ് രാഹുൽ ഗാന്ധി ബുധനാഴ്ച ലോക്‌സഭയിൽ നടത്തിയത്. മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശിക്കുന്നതായിരുന്നു പ്രസംഗം. മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മണിപ്പൂർ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. ബി.ജെ.പി രാജ്യദ്രോഹികളാണ്. രാമായണത്തിലെ രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണ്. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല? താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചു. പാർലമെന്റിൽ ഹൃദയം കൊണ്ട് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അദാനിയെ കുറിച്ച് താൻ ഇന്ന് പ്രസംഗിക്കില്ല. ഭരണപക്ഷം ഭയപ്പെ​ടേണ്ട. ഭാരത് ജോഡോ യാത്രയിൽ നിന്നും നിരവധി പാഠങ്ങൾ പഠിച്ചു. ഇന്ത്യയെ അറിയാനുള്ള യാത്ര ഇനിയും തുടരും. യാത്രയിൽ യഥാർഥ ഹിന്ദുസ്ഥാനെയാണ് കണ്ടത്.​ മോദിയുടെ ജയിലിൽ പോകാനും താൻ തയാറാണ്’ -രാഹുൽ വ്യക്തമാക്കി.

Tags:    
News Summary - Smriti Irani says Rahul Gandhi blew a flying kiss while leaving Lok Sabha after his speech, BJP MPs lodge a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.