മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ആറാം ക്ലാസ് വിദ്യാർഥിനി റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. തന്റെ മേലുള്ള പഠന സമ്മർദത്തിൽ 14കാരി ഏറെ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെസ്റ്റ് കല്യാൺ പ്രദേശത്താണ് സംഭവം. പെൺകുട്ടി അമ്മക്കും മുത്തശ്ശിക്കും സഹോദരിക്കും ഒപ്പമാണ് താമസിച്ചിരുന്നതെന്നും പതിവായി പഠിച്ചിട്ടും മാർക്ക് മെച്ചപ്പെടുത്താൻ പാടുപെടുന്നതിനാൽ തളർന്നുപോയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദീപാവലിക്കു മുമ്പത്തെ പരീക്ഷകളിൽ ലഭിച്ച കുറഞ്ഞ സ്കോറുകളും മികച്ച പ്രകടനം കാഴ്ചവെക്കാൻ അധ്യാപകരുടെ ആവർത്തിച്ചുള്ള ഉപദേശവും അവളുടെ ഉത്കണ്ഠ വർധിപ്പിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുംബാംഗങ്ങളിൽ നിന്നുള്ള സമ്മർദ്ദവും അവളെ വളരെയധികം ബാധിച്ചതായി പൊലീസ് പറഞ്ഞു.
താമസിച്ചിടുന്ന ഫ്ലാറ്റിന്റെ ജനാലയിലുടെ പുറത്തേക്കു ചാടിയ പെൺകുട്ടി താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിനുമേലാണ് വീണത്. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖടക്പാഡ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.