ജയ്പൂർ: രാജസ്ഥാനിലെ സവായ് മാൻ സിങ് ആശുപത്രിയിലെ ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് തീപിടത്തമുണ്ടായത്. രണ്ടാം നിലയിലെ ട്രോമ സെന്ററിലെ ഐ.സി.യു വാർഡിലാണ് തീപിടത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഐ.സി.യു ഉപകരണങ്ങൾ, ബ്ലെഡ് സാമ്പിളുകൾ, പേപ്പർ ഫയലുകൾ തുടങ്ങി ഐ.സി.യുവിലെ നിരവധി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. ഐ.സി.യുവിലുണ്ടായിരുന്ന രോഗികളെ ഉടൻ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ മരണസംഖ്യ കുറക്കാനായതായി ട്രോമ സെന്ററിന്റെ ചുമതലക്കാരനായ അനുരാഗ് ധാക്കഡ് പറഞ്ഞു. അഞ്ച് രോഗികൾ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ഐ.സി.യു യുണിറ്റുകൾ ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ട്രോമ സെന്റർ. അതിൽ ഒന്ന് ട്രോമ ഐ.സി.യുവും മറ്റൊന്ന് സെമി ഐ.സി.യുവുമാണ്. 24 രോഗികളാണ് ട്രോമ സെന്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 11 പേർ ട്രോമ ഐ.സി.യുവിലും 13 പേർ സെമി ഐ.സി.യുവിലുമാണ് ചികിത്സയിലുണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചയോടെ ട്രോമ ഐ.സി.യുവിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടാവുകയായിരുന്നു.
ഉടൻ തന്നെ രോഗികളെ മറ്റൊരിടത്തേക്ക് മാറ്റിയെങ്കിൽ ഇവരിൽ ആറ് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. അഞ്ച് രോഗികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും അനുരാഗ് ധാക്കഡ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ജയ്പൂർ പൊലീസ് കമീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.