അയോധ്യയിൽ പള്ളി പണിയാൻ നൽകിയ സ്​ഥലത്തിൽ അവകാശവാദമുന്നയിച്ച്​ സഹോദരിമാർ കോടതിയിൽ

ലഖ്​നോ: അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍ അലഹബാദ്​ ഹൈകോടതിയെ സമീപിച്ചു. ഡല്‍ഹി സ്വദേശികളായ റാണി കപൂർ എന്ന റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവരാണ്​ ഹരജി നൽകിയത്​. അലഹബാദ് ഹൈകോടതിയുടെ ലഖ്​നോ ബെഞ്ച് ഈമാസം എട്ടിന്​ ഹരജി പരിഗണിക്കും.

തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്നാണ്​ ഇവർ അവകാശപ്പെടുന്നത്​. വിഭജനകാലത്ത് പഞ്ചാബില്‍നിന്നു വന്ന പിതാവ് ഫൈസാബാദില്‍ (ഇപ്പോൾ അയോധ്യ) താമസമാക്കുകയായിരുന്നു. ധനിപൂര്‍ വില്ലേജില്‍ അഞ്ചു വര്‍ഷത്തേക്ക് 28 ഏക്കര്‍ അദ്ദേഹത്തിനു പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്‍റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടു​ണ്ടെന്നും ഹരജിയിൽ പറയുന്നു.

പിന്നീട്​ രേഖകളിൽ നിന്ന്​ പേര്​ ഇല്ലാതായി. പക്ഷേ, പിതാവ്​ അയോധ്യയിലെ അഡീഷനൽ കമ്മീഷണർക്ക്​ അപ്പീൽ നൽകി പേര്​ പുനഃസ്​ഥാപിച്ചു. പിന്നീട്​ ഏകീകരണ പ്രക്രിയകൾ നടന്നപ്പോൾ കൺസോളിഡേഷൻ ഓഫിസർ വീണ്ടും പിതാവിന്‍റെ പേര്​ രേഖകളിൽ നിന്ന്​ മാറ്റി. ഇതിനെതിരെ കൺസോളിഡേഷൻ സംബന്ധിച്ച ​സെറ്റിൽമെന്‍റ്​ ഓഫിസർ മുമ്പാകെ അപ്പീൽ നൽകിയിട്ടുണ്ട്​. ഇത്​ പരിഗണിക്കാതെയാണ്​ തങ്ങളുടെ പിതാവിന്‍റെ പേരിലുള്ള 28 ഏക്കറിൽ അഞ്ച്​ ഏക്കർ പള്ളി നിർമിക്കാനായി വഖഫ്​ ബോർഡിന്​ അനുവദിച്ചത്​.

സെറ്റില്‍മെന്‍റ്​ ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാകുന്നതുവരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയില്‍ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത്. 

Tags:    
News Summary - Sisters from delhi claim ownership of land offered for Ayodhya mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.