ന്യൂഡൽഹി: എസ്.ഐ.ആർ ബിഹാറിൽ വിജയകരമായി പൂർത്തിയാക്കിയതോടെ എതിർ വാദങ്ങൾ പൊളളയാണെന്ന് തെളിഞ്ഞതായി തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ പറഞ്ഞു. സമയം കൊടുത്തില്ല, തിടുക്കം കാട്ടി തുടങ്ങിയ കാര്യങ്ങൾ നിരത്തി എസ്.ഐ.ആറിനെ എതിർത്തവരുടെ അവകാശവാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ബിഹാറിലെ വിജയമെന്നാണ് തമിഴ്നാടും പശ്ചിമബംഗാളും നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
സാക്ഷരതാ നിരക്ക് വളരെക്കുറവായ സംസ്ഥാനം എന്ന നിലയിലും നിരവധി പ്രദേങ്ങൾ വെള്ളപ്പൊക്കത്തിൽ തകർന്നതിനാലും ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിച്ച് സുഗമമായി ഇവിടെ എസ്.ഐ.ആർ നടപ്പാക്കാൻ കഴിഞ്ഞതോടെ വ്യപകമായി അവകാശനിഷേധം നടന്നു എന്ന മറ്റുള്ളവരുടെ അവകാശവാദം തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതാണെന്നും അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി പരാതിക്കാർ തെറ്റായ വിവരങ്ങൾ ബോധപൂർവം കോടതിയിൽ പറയുകയായിരുന്നു. വോട്ടർമാർ 11 രേഖകൾ സൂക്ഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിട്ടില്ലെന്നും അത്യാവശ്യമുള്ള രേഖകൾ ബി.എൽ.ഒമാർ വഴി ശേഖരികുക മാത്രമാണ് ചെയ്തതെന്നും 11 രേഖകൾ എന്നത് തെറ്റിദ്ധാരണപരത്താനാണെന്നും കമീഷൻ വാദിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാർ മരിച്ചുപോയതായും സ്ഥിരമായി ഒഴിഞ്ഞുപോയതായും, അല്ലെങ്കിൽ ഒന്നിൽകൂടുതൽ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇത്രയും പേരെ ഒഴിവാക്കിയിട്ടും 7.42 കോടി വോട്ടർമാരെ ബിഹാർ തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്താനായി. അതുകൊണ്ട് വോട്ടർമാരെ ഒഴിവാക്കുന്നു എന്ന വാദവും തെറ്റാണ്.
തങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് ഒരു വ്യക്തിപോലും പരാതി നൽകിയിട്ടില്ലാത്ത സ്ഥിതിക്ക് എസ്.ഐ.ആർ നടപടികൾ സത്യസന്ധമായാണ് നടന്നതെന്ന് തെളിയിക്കപ്പെടുന്നതായും തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലത്തിൽ പറയുന്നു.
ബിഹാറിലെപ്പോലെ തമിഴ്നാട്ടിലും അവകാശം നിഷേധിക്കുന്നു എന്ന തമിഴ്നാടിന്റെ വാദം ഉഹാപോഹത്തിൽ നിന്ന് ഉണ്ടായതാണെന്നും സി.പി.എം നേതാവ് പി. ഷൺമുഖത്തിന്റെ വാദം കക്ഷിരാഷ്ട്രീയ വാദത്തിലൂന്നി എസ്.ഐ.ആർ നടപടികളെ രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.