വിട്ടുപോയ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിന് പകരം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റി രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണിത്. രാജ്യത്തെ രണ്ട് ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കി നടപ്പാക്കിയ എസ്.ഐ.ആറിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ദേശീയശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു ബിഹാറിലേത്. വിട്ടുപോയ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിന് പകരം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റി രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണിത്.
ബിഹാറിന് പിന്നാലെ ഇതേ രീതിയിൽ രാജ്യമൊട്ടുക്കും എസ്.ഐ.ആർ നടപ്പാക്കാനുള്ള പദ്ധതിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും കമീഷനും മുന്നോട്ടുപോകുമ്പോൾ ഹൈകോടതിയിലുള്ള കേസുകളെല്ലാം തങ്ങൾക്ക് മുമ്പിലേക്ക് കൊണ്ടുവന്ന് ഒന്നാക്കി അതിനും സുപ്രീംകോടതി സൗകര്യമൊരുക്കുന്നതിനിടയിലാണ് ബിഹാർ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിരിക്കുന്നത്.
സുപ്രീംകോടതി നൽകിയ മൗനാനുവാദത്തോടെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി നടപ്പാക്കിയ എസ്.ഐ.ആർ ഒരു തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന് ബിഹാർ തെളിയിച്ചു. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ ഭൂപേഷ് ഭാഗേലൂം സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും സി.പി.ഐ (എം.എൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയുമെല്ലാം ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം എസ്.ഐ.ആറിന്റെ പ്രതിഫലനമാണെന്ന് പറയുന്നത്.
എസ്.ഐ.ആർ പട്ടികവെച്ച് നടത്തിയ രാഷ്ട്രീയ ആത്മഹത്യ
അതേസമയം എസ്.ഐ.ആർ പട്ടിക അംഗീകരിച്ച് വോട്ടെടുപ്പിനിറങ്ങി തെരഞ്ഞെടുപ്പ് തോറ്റശേഷം കോൺഗ്രസും സമാജ്വാദി പാർട്ടിയും ആർ.ജെ.ഡിയും ഇടതു പാർട്ടികളും അടക്കമുള്ളവർ എസ്.ഐ.ആറിനെക്കുറിച്ചുള്ള ആക്ഷേപവുമായി രംഗത്തുവന്നത് വൈകിയുദിച്ച വിവേകമായിപ്പോയി. എസ്.ഐ.ആർ തങ്ങൾക്ക് മുമ്പിൽ തീർക്കുന്ന പ്രതിബന്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ‘ഇൻഡ്യ’ സഖ്യത്തിന് കിട്ടിയ സുവർണാവസരം കൂടിയായിരുന്നു ബിഹാർ. എന്നാൽ, ബൂത്തുതല പ്രവർത്തനത്തിലൂടെ എസ്.ഐ.ആറിലെ പ്രശ്നങ്ങൾ തുറന്നുകാണിക്കാൻ കിട്ടിയ ഒന്നാന്തരം അവസരം വിനിയോഗിക്കാതെ കോൺഗ്രസും ആർ.ജെ.ഡിയും ഇടതു പാർട്ടികളും കളഞ്ഞുകുളിച്ചു.
വീടുവീടാന്തരം കയറിയിറങ്ങി ഓരോ ബൂത്തിലുമുള്ള വോട്ടർപട്ടിക പഠിച്ച് എസ്.ഐ.ആർ ക്രമക്കേടുകൾ കണ്ടെത്താൻ മെനക്കെടാതെ ബി.ജെ.പിക്കായി കമീഷൻ തയാറാക്കിയതെന്ന് തങ്ങൾതന്നെ ആരോപിക്കുന്ന വോട്ടർപട്ടിക വെച്ച് തെരഞ്ഞെടുപ്പിനിറങ്ങി രാഷ്ട്രീയ ആത്മഹത്യ നടത്തുകയായിരുന്നു മഹാസഖ്യം. എസ്.ഐ.ആർ ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇത്തരത്തിൽ ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്ന് അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച യോഗേന്ദ്ര യാദവ് വ്യക്തമാക്കി. അതേസമയം മഹാസഖ്യത്തിന്റെ പരാജയകാരണങ്ങൾ എസ്.ഐ.ആറിൽ പരിമിതപ്പെടുത്തരുതെന്നാണ് യാദവ് പറഞ്ഞത്. മഹാസഖ്യത്തിന്റെ ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉണ്ടായ മറ്റു വീഴ്ചകളെ മറച്ചുവെക്കരുതെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.
‘എസ്.ഐ.ആർ തെരഞ്ഞെടുപ്പ്’ ഇനി കേരളത്തിലും ബംഗാളിലും
എസ്.ഐ.ആറിലൂടെ നിഷ്കരുണം വെട്ടിമാറ്റിയ 68.66 ലക്ഷം വോട്ടർമാരിൽ 36 ലക്ഷം പേരെ വെട്ടിമാറ്റിയത് ബി.എൽ.ഒമാർ ചെന്നപ്പോൾ അവരെ വീട്ടിൽ കണ്ടില്ലെന്ന കാരണം പറഞ്ഞാണ് എന്ന് ഓർക്കണം. ഇവരെ വെട്ടിമാറ്റിയതിന് പുറമെ പുതുതായി കൂട്ടിച്ചേർത്ത 21 ലക്ഷം വോട്ടുകളിൽ ചുരുങ്ങിയത് മൂന്ന് ലക്ഷം വോട്ടർമാർക്കെങ്കിലും വിലാസമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ കണ്ടെത്തിയത്.
ശുദ്ധീകരിച്ചിറക്കിയെന്ന് പറഞ്ഞ് കമീഷൻ അവകാശപ്പെടുന്ന പട്ടികയിൽ ഒരേ എപിക് നമ്പറിൽ നൂറുകണക്കിന് വോട്ടുകളും ഒരേ വീട്ടിൽ 800 വരെ വോട്ടുകളും കണ്ടെത്തിയതായും അവർ ചൂണ്ടിക്കാട്ടുന്നു. എസ്.ഐ.ആർ അന്തിമ പട്ടിക ബൂത്തിലെ പ്രവർത്തകർക്ക് കൈമാറി ഇത്രയും വെട്ടിപ്പുകൾ അരിച്ചുപെറുക്കി കണ്ടുപിടിക്കാനുള്ള ശ്രമം നടത്താതെയായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ തലേന്നാൾ ഹരിയാനയിലെ വോട്ടുചോരിയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ്.
കർണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെനാളിന് ശേഷം ഏറെ പണിപ്പെട്ട് ‘വോട്ടുചോരി’ പുറത്തുകൊണ്ടുവന്നത് പോലെ ബിഹാർ വോട്ടുചോരിയുടെ വസ്തുതകളും രാഹുൽ ഗാന്ധിയും ടീമും പുറത്തുകൊണ്ടുവരുമ്പോഴേക്കും കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിഹാർപോലെ തെരഞ്ഞെടുപ്പ് കഴിഞ്ഞുപോയിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.