ന്യൂഡൽഹി: ഏക സിവിൽ കോഡിൽ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ, നിയമ കമീഷനെ ഓൺലൈനിലും നേരിട്ടും ഇതുവരെ അഭിപ്രായം അറിയിച്ചവർ 50 ലക്ഷം കടന്നു. അതേസമയം, നേരിട്ട് അഭിപ്രായം കേൾക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികരണങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനിരിക്കുകയാണ് കമീഷൻ.
ഏക സിവിൽ കോഡിനെക്കുറിച്ച് വീണ്ടും അഭിപ്രായം അറിയിക്കാൻ കമീഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടത് ജൂൺ 14നാണ്. ഈ നടപടികൾക്കിടയിൽ വിഷയം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ കത്തിപ്പടർന്നു. ശീതകാല പാർലമെന്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് സൂചന.
കമീഷന്റെ അഭിപ്രായ ശേഖരണം വെള്ളിയാഴ്ച കഴിഞ്ഞെങ്കിലും വരാനിരിക്കുന്ന നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഇത് സജീവ തർക്കവിഷയമാവും. ഏക സിവിൽ കോഡ് നടപ്പാക്കുകയല്ല, സാംസ്കാരിക വൈവിധ്യം ആഘോഷിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന നിലപാടാണ് കഴിഞ്ഞ നിയമ കമീഷൻ മുന്നോട്ടുവെച്ചത്. ഏക സിവിൽ കോഡ് സ്വന്തംനിലക്ക് നടപ്പാക്കാനൊരുങ്ങുന്ന ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ, കരട് ബിൽ അടുത്ത ദിവസങ്ങളിൽ പുറത്തുവിട്ടേക്കും.
ചെന്നൈ: ഏക സിവിൽ കോഡിൽ തമിഴ്നാട് ശക്തമായി വിയോജിക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ബഹുസ്വര സമൂഹത്തിനാകെ ഒരൊറ്റ നിയമമെന്ന സമീപനം ശരിയല്ലെന്നും നിയമകമീഷൻ അധ്യക്ഷന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് ഇന്ത്യൻ സമൂഹ ഘടനക്ക് ഭീഷണിയാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നത് ഭരണഘടനാപരമായ ഉറപ്പാണ്. വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി പ്രദേശങ്ങളിൽ ജില്ല, പ്രാദേശിക കൗൺസിലുകൾ രൂപവത്കരിച്ച് അവരുടെ ആചാരങ്ങൾ സംരക്ഷിക്കുമെന്നും ഭരണഘടന വ്യക്തമാക്കുന്നു.
ഏകീകൃത സിവിൽ കോഡ് വരുന്നതോടെ ഇതെല്ലാം ഇല്ലാതാകും. സാമൂഹിക-സാമ്പത്തിക ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത് നടപ്പാക്കുന്നത് ദോഷകരമാകും. മതസമൂഹങ്ങൾ തമ്മിൽ ആഴത്തിലുള്ള വിടവുണ്ടാകാനും സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കാനും നിയമം കാരണമാകും.
മതകാര്യങ്ങളിലേക്ക് ഭരണകൂടത്തിന്റെ കടന്നുകയറ്റമായി ഇത് വ്യാഖ്യാനിക്കപ്പെടാം. ഭാവിയിൽ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള നീക്കങ്ങൾക്ക് വഴിയൊരുക്കുന്ന നിയമവും ആയിത്തീരാം -സ്റ്റാലിൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.