രാജ്നാഥ് സിങ്
ന്യൂഡൽഹി: നിലവിൽ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും സിന്ധ് പ്രദേശം രാജ്യത്തേക്ക് തിരികെ വന്നേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സിന്ധി സമൂഹത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തികൾ സ്ഥിരമല്ലെന്നും എപ്പോൾ വേണമെങ്കിലും മാറാമെന്നും രാജ്നാഥ് പറഞ്ഞു.
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ ഉദ്ധരിച്ചായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാക്കുകൾ. സിന്ധി ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയിലുള്ളവർക്ക് വിഭജനത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്വാനി പുസ്തകങ്ങളിലൊന്നിൽ എഴുതിയിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. അതേസമയം, ഏത് പുസ്തകത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കിയില്ല.
സിന്ധുനദിയോടു ചേര്‍ന്ന് കിടക്കുന്ന പ്രവിശ്യയായ സിന്ധ്, 1947-ലെ വിഭജനത്തിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗമായത്. സിന്ധിൽ മാത്രമല്ല, ഇന്ത്യയിലെല്ലായിടത്തുമുള്ള ഹിന്ദുക്കൾ സിന്ധുനദിയെ പവിത്രമായാണ് കരുതിയിരുന്നത്. മേഖലയിലുള്ള പല മുസ്‍ലിങ്ങളും മക്കയിലെ സംസം ജലത്തോളം പവിത്രമായി കരുതിയിരുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
‘ഇത് അദ്വാനിയുടെ വാക്കുകളാണ്. ഇന്ന്, സിന്ധിന്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാൽ, സാംസ്കാരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. മേഖലയെ സംബന്ധിച്ച്, അതിർത്തികൾ എപ്പോൾ വേണമെങ്കിലും മാറാം. ആർക്കറിയാം, നാളെ സിന്ധ് തിരിച്ച് ഇന്ത്യയുടെ ഭാഗമാവില്ലെന്ന്. സിന്ധ് നദി പവിത്രമാണെന്ന് കരുതുന്ന നമ്മുടെ ജനങ്ങൾ, എന്നും നമ്മുടെ സ്വന്തമായിരിക്കും, എവിടെയാണെങ്കിലും അവർ നമ്മുടെയായിരിക്കും,’ രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാല്‍ സാംസ്‌കാരികമായി സിന്ധ് എല്ലാക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും. മാത്രമല്ല, ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ വ്യത്യാസം വരാം. ആര്‍ക്കറിയാം, നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ വീണ്ടും വന്നേക്കാം. സിന്ധുനദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും നമ്മുടേത് തന്നെയായിരിക്കും. അവര്‍ എവിടെയായിരുന്നാലും എല്ലായ്‌പ്പോഴും അവര്‍ നമ്മുടേതായിരിക്കും, രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്നും ഇന്ത്യൻ ജനത ‘പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത’ എന്ന് അഭിമാനത്തോടെ ദേശീയ ഗാനത്തിൽ ആലപിക്കുന്നു. അതങ്ങിനെ തന്നെയായിരിക്കും, നമ്മളുള്ള കാലത്തോളം അതങ്ങിനെ തന്നെയാവുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇതാദ്യമായല്ല, പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇന്ത്യയിലേക്ക് തിരികെയെത്തുമെന്ന ആത്മവിശ്വാസം രാജ്‌നാഥ് സിങ് പ്രകടിപ്പിക്കുന്നത്. സായുധ സംഘര്‍ഷമില്ലാതെ തന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിത്തീരുമെന്ന് സെപ്റ്റംബര്‍ മാസത്തില്‍ മൊറോക്കയില്‍ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.