സിമി പ്രവര്‍ത്തകരെന്ന് ആരോപണം: അറസ്റ്റിലായ അഞ്ചു യുവാക്കളെ കോടതി വെറുതെ വിട്ടു

മുംബൈ: പാകിസ്താനില്‍ ചെന്ന് ഭീകരാക്രമണ പരിശീലനം നേടിയെന്നും നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണെന്നും ആരോപിച്ച് 11 വര്‍ഷം മുമ്പ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരെ കുറ്റമുക്തരാക്കിയ മജിസ്ട്രേറ്റ് കോടതി വിധി സെഷന്‍സ് കോടതി ശരിവെച്ചു.

ഇമ്രാന്‍ അന്‍സാരി, മുഹമ്മദലി ചിപ, അലി അന്‍ജും, മുഹമ്മദ് നജീബ് ബകാലി, ഫിറോസ് ഗസ്വാല എന്നിവരെയാണ് വെറുതെ വിട്ടത്. കീഴ്ക്കോടതി വിധിക്ക് എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സെഷന്‍സ് കോടതി വിധി. 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ സിമി വേട്ടയിലാണ് ഇവര്‍ അറസ്റ്റിലായത്.

2006 ആഗസ്റ്റ് 13നാണ് അഞ്ചുപേര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം പൊലീസ് കേസെടുത്തത്. അഞ്ചുപേര്‍ക്കുമെതിരെ നിരത്തിയ തെളിവുകളിലെ വിശ്വാസ്യത ചോദ്യംചെയ്താണ് സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. സിമിയുടെ പ്രവര്‍ത്തകരാണെന്നതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ളെന്ന് കോടതി പറഞ്ഞു. സാക്ഷിമൊഴികളും പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ളെന്നും കോടതി പറഞ്ഞു. 13 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. സാകിര്‍ നായികിന്‍െറ മതപ്രഭാഷണങ്ങള്‍ മുസ്ലിം യുവാക്കളില്‍ തീവ്രവാദം വളര്‍ത്തുന്നുവെന്ന ആരോപണത്തിന് ബലമേകാന്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയവരില്‍ ഒരാളാണ് കോടതി കുറ്റമുക്തനാക്കിയ ഫിറോസ് ഗസ്വാല.

പാകിസ്താനില്‍ ചെന്ന് ബോംബ് നിര്‍മാണത്തിലും എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കൈകാര്യംചെയ്യുന്നതിലും പരിശീലനം നേടി തിരിച്ചത്തെിയ ഫിറോസ് പിന്നീട് മറ്റുള്ളവരെ ഒപ്പം ചേര്‍ക്കുകയും പരിശീലനം നല്‍കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗുജറാത്ത് കലാപത്തിന്‍െറ സീഡി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും വര്‍ഗീയ വിദ്വേഷം പരത്തിയെന്നും ആരോപിക്കപ്പെട്ടു. തേവാര്‍ പത്താണ്‍, ഇശ്രത്ത് ഖാന്‍ എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.

Tags:    
News Summary - SIMI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.