ഒടുവിൽ സുഭാഷ് ചന്ദ്രക്കെതിരെ 1322 കോടിയുടെ തട്ടിപ്പിൽ കേസെടുത്ത് സി.ബി.ഐ; നടപടി ട്രൈബ്യൂണൽ വിധി വിവാദമായിരിക്കെ
ന്യൂഡൽഹി: എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡുമായി (എൽ.ഐ.സി.എച്ച്.എഫ്.എൽ) ബന്ധപ്പെട്ട 1322 കോടി രൂപയുടെ തട്ടിപ്പ് ആരോപണത്തിൽ എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രക്കും ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ ക്രിമിനൽ കേസെടുത്ത് സി.ബി.ഐ. സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അനുവദിച്ച വായ്പകളുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, ക്രിമിനൽ ദുരുപയോഗം എന്നിവ ആരോപിച്ച് എൽ.ഐ.സി.എച്ച്.എഫ്.എല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2018 മുതൽ 2026 വരെയുള്ള കാലയളവിൽ വ്യാജ രേഖകൾ സമർപ്പിച്ച് കമ്പനിയെ വഞ്ചിച്ച് വായ്പ തട്ടിയെടുത്തെന്നാണ് ആരോപണം. സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾക്കായി വായ്പാ സൗകര്യങ്ങൾ നേടിയെടുക്കാൻ 2018-ൽ വ്യാജ ആസ്തിരേഖ സമർപ്പിച്ചെന്നാണ് എൽ.ഐ.സി പ്രധാനമായും ആരോപിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ കടബാധ്യത തീർപ്പാക്കൽ നടപടികളിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഒത്തുതീർപ്പ് ഉത്തരവിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് എൽ.ഐ.സിയുടെ നീക്കം. ഈ കേസ് ട്രൈബ്യൂണൽ വിധിക്കെതിരെ ബാങ്കുകളുടെ നിയമപോരാട്ടത്തിന് കരുത്തുപകരും.
ഏകദേശം 1322 കോടി രൂപ നഷ്ടമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. എൽ.ഐ.സി ഹൗസിങ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം 500 കോടി രൂപയുടെയും 480 കോടി രൂപയുടെയും രണ്ട് ക്രെഡിറ്റ് സൗകര്യങ്ങൾ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ജാമ്യത്തിലാണ് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ആസ്തി സർട്ടിഫിക്കറ്റിൽ സുഭാഷ് ചന്ദ്രയുടെ ആസ്തി ഏകദേശം 59,113 കോടി രൂപയാണെന്ന് കാണിച്ചപ്പോൾ, മറ്റൊരു സർട്ടിഫിക്കറ്റ് അത് 40,562 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയതായി എൽ.ഐ.സി.എച്ച്.എഫ്.എൽ ആരോപിക്കുന്നു.
അതേസമയം സുഭാഷ് ചന്ദ്രക്കെതിരെ 22,006 കോടി രൂപ വായ്പാ കുടിശ്ശിക ആവശ്യപ്പെട്ട് ബാങ്കുകൾ സമർപ്പിച്ച കേസ്, വെറും 6.5 കോടി രൂപ തിരിച്ചടച്ച് തീർപ്പാക്കാൻ കഴിഞ്ഞ ആഴ്ച ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോൺഗ്രസും മറ്റ് കക്ഷികളും രംഗത്തുവന്നിരുന്നു. ഇഷ്ടക്കാർക്ക് സർക്കാരുകൾ സമ്മാനിക്കുന്ന ആശ്വാസമാണിതെന്ന വിമർശനവും ഉയർന്നിരുന്നു.
1,322.39 കോടി രൂപയ്ക്ക് പകരം ഈ ഒത്തുതീർപ്പ് പ്രകാരം എൽ.ഐ.സി.ക്ക് ലഭിക്കുന്നത് വെറും 38.09 ലക്ഷം രൂപ മാത്രമാണ്. ബാങ്കുകൾക്കും മറ്റ് വായ്പാദാതാക്കൾക്കുമായി സുഭാഷ് ചന്ദ്രയിൽ നിന്ന് ആകെ ലഭിക്കാനുണ്ടായിരുന്ന 22,006 കോടി രൂപയുടെ കടബാധ്യത കേവലം 6.5 കോടി രൂപ മാത്രം അടച്ചുതീർക്കാൻ എൻ.സി.എൽ.ടി അനുമതി നൽകിയതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.