ശ്യാമ പ്രസാദ് മുഖർജിയുടെയും സ്വാമി പ്രണബാനന്ദയുടെയും സംഭാവനകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖർജിയുടെയും ഭാരത് സേവാശ്രമ സംഘത്തിന്റെ സ്ഥാപകനായ സ്വാമി പ്രണബാനന്ദയുടെയും ജീവിതവും സംഭാവനകളും പശ്ചിമ ബംഗാളിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു.

ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളിന്റെ രൂപീകരണത്തിലും ഇന്ത്യാ വിഭജനകാലത്തും കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ രക്ഷിക്കുന്നതിലും ഈ രണ്ട് നേതാക്കൾ നിർണായക പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും തകർന്ന നിലയിലായിരുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി, അടിസ്ഥാന സൗകര്യ  വികസനത്തിനായി 300 കോടി രൂപയുടെ സംയോജിത ധനസഹായം അനുവദിച്ചതായും അറിയിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ‘കളി’, ‘മേള’, പൂജാ ഗ്രാന്റുകൾ, ഇമാമുമാർക്കുള്ള ആനുകൂല്യങ്ങൾ എന്നിവക്കാണ്  കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നും വിദ്യാഭ്യാസ മേഖലയെ അവഗണിക്കുകയായിരുന്നു,” എന്നും അദ്ദേഹം ആരോപിച്ചു.

ഒരു പ്രത്യേക മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മുൻ സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്നുവെന്നും അത് പ്രീണന നയത്തിന്റെ ഭാഗമായിരുന്നുവെന്നും അധികാരി ആരോപിച്ചു. എന്നാൽ തന്റെ സർക്കാർ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കുകയെന്നും വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Contributions of Shyama Prasad Mukherjee and Swami Pranabananda to be included in the curriculum: West Bengal Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.