അവിഹിതം ആരോപിച്ച് ആദിവാസി യുവതിയെ പൊതുസ്ഥലത്ത് വിവസ്ത്രയാക്കി, തല മുണ്ഡനം ചെയ്തു; ഏഴ് പേർ പിടിയിൽ

ജയ്പൂർ: രാജസ്ഥാനിലെ ബൻസ്വാറ ജില്ലയിൽ അവിഹിത ബന്ധം ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് 40 കാരിയായ ആദിവാസി സ്ത്രീയെ പൊതുസ്ഥലത്ത് വിവസ്ത്രയാക്കി മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തമായ തെളിവുകൾ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേസെടുക്കാൻ വൈകിയതും ആക്ഷേപത്തിനിടയാക്കി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ രംഗത്തെത്തി.

സെപ്റ്റംബർ ഒന്നിന് അഞ്ജന ഗ്രാമത്തിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച വൈറലായി. മറ്റ് ചിലർ നോക്കിനിൽക്കുകയും മർദ്ദനം മൊബൈലിൽ പകർത്തുകയും ചെയ്യുമ്പോൾ നിരവധി സ്ത്രീകൾ ചേർന്ന് ആ സ്ത്രീയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.പൊലീസിന്റെ കണക്കുപ്രകാരം, ആ സ്ത്രീ തൊഴിലെടുക്കാൻ അയൽ സംസ്ഥാനത്ത് പോയിരുന്നു. എന്നാൽ മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് അവളെ തിരികെ കൊണ്ടുവരികയായിരുന്നു. സ്ത്രീയുടെ ഭർത്താവും ആറ് ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ബൻസ്വാറ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ബാബു ലാൽ രേഗർ പറഞ്ഞു. മർദ്ദനത്തിൽ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

മർദ്ദിക്കുന്നതിനും തല മുണ്ഡനം ചെയ്യുന്നതിനും മുമ്പ് സ്ത്രീയെ നഗ്നപാദയായി നടുറോഡിലൂടെ നടത്തിച്ചെന്നും ആരോപണമുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാർ നോക്കിനിൽക്കെ, സ്ത്രീകൾ അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറുന്നതും വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.

സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, നിയമവിരുദ്ധമായി ഒത്തുകൂടൽ, ഐ.ടി ആക്റ്റ് വ്യവസ്ഥകൾ പ്രകാരം സംഭവദിവസം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.