ഡൽഹിയിൽനിന്ന്​ മലയാളികളുമായി ആദ്യ ‘ശ്രമിക് ട്രെയിന്‍’ പുറപ്പെട്ടു

ന്യൂഡല്‍ഹി: ഏറെനാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലോക്ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ‘ശ്രമിക് ട്രെയിന്‍’ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു. ഉത്തരേന്ത്യയിലെ വിവിധ കാമ്പസുകളിലെ മലയാളി വിദ്യാര്‍ഥികള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിൽ കുടിയേറ്റ മലയാളികളെയും കൊണ്ട് ന്യൂഡല്‍ഹി റയില്‍വെ സ്​റ്റേഷനില്‍നിന്ന് ബുധനാഴ്ച വൈകീട്ട് ഏഴിന്​ യാത്രതിരിച്ച ആദ്യ ‘ശ്രമിക് ട്രെയിന്‍’ വെള്ളിയാഴ്ച കേരളത്തിലെത്തും. 

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ കിട്ടിയ ആദ്യ ട്രെയിനില്‍ നാടുപിടിക്കാന്‍ ഡല്‍ഹിയിലെ ജില്ല ആസ്ഥാനങ്ങളിലെ സ്ക്രീനിംഗ് സ​​​െൻററുകളിലും ന്യൂഡല്‍ഹി ​െറയില്‍വെ സ്​റ്റേഷനിലും അവസാന മിനിറ്റ് വരെ മലയാളികള്‍ തിക്കും തിരക്കും കൂട്ടി.

കേരളമൊഴികെയുള്ള സംസ്ഥാന സര്‍ക്കാറുകളുടെ ആവശ്യപ്രകാരം ലോക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനത്ത്​ എത്തിക്കാൻ കഴിഞ്ഞ പത്ത് ദിവസമായി ആയിരത്തിലേറെ ‘ശ്രമിക് ട്രെയിന്‍’ ഓടിച്ചപ്പോഴാണ് കുടിയേറ്റ മലയാളികള്‍ക്കായി കേരളത്തി​​​​െൻറ ആദ്യ ശ്രമിക് ട്രെയിന്‍ ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. 

ചില സംസ്ഥാന സര്‍ക്കാറുകളും സംഘടനകളും തങ്ങളുടെ സ്വന്തം ചെലവില്‍ കുടിയേറ്റ മലയാളികളെ കേരളത്തിലെത്തിച്ചപ്പോള്‍ ന്യൂഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെയുള്ള ശ്രമിക് സ്പെഷലിന് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരില്‍നിന്ന് 975 രൂപ ടിക്കറ്റ് ഈടാക്കിയാണ് ടിക്കറ്റ്് നല്‍കിയത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇത്തരമൊരു ട്രെയിന്‍ കേരളത്തിലേക്ക് ഓടിക്കാതിരുന്നത് മൂലം വിവിധ ക്ലാസുകള്‍ക്ക് 7000ലേറെ രുപ വരെ രാജധാനി നിരക്ക് ഈടാക്കി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിനുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു ഡല്‍ഹി മലയാളികള്‍.

1500 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ശ്രമിക് സ്പെഷല്‍ ട്രെയിനില്‍ 1320 പേരുടെ പട്ടിക ഡല്‍ഹി കേരള ഹൗസിലെ നോര്‍ക്ക ഓഫിസില്‍  തയാറാക്കിയിരുന്നു. ലോക്ഡൗണില്‍ കുടുങ്ങിയ നിരവധി പേര്‍ വീണ്ടും സമീപിച്ചതോടെ ബുധനാഴ്ച ട്രെയ്രിന്‍ പുറപ്പെടുന്നതിന് മുമ്പ് കാനിംഗ് റോഡിലെ കേരള സ്കൂളില്‍ പ്രത്യേക സ്പോട്ട് രജിസ്ട്രേഷനും നോര്‍ക്ക നടത്തി. 

ശ്രമിക് ട്രെയിന്‍ ഓടിക്കാനുള്ള 15 ലക്ഷം രൂപ ട്രെയിന്‍ ഓടുന്നതിന് മുമ്പ് തന്നെ കുടിയേറ്റ മലയാളികളില്‍നിന്ന് സമാഹരിക്കുകയായിരുന്നു കേരള സര്‍ക്കാറി​​​​െൻറ ലക്ഷ്യം.  ഇത് കൂടാതെ ട്രെയിനില്‍ പുറപ്പെടുന്നവര്‍ക്കായി ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയ പരിശോധന കേന്ദ്രങ്ങളില്‍ ബുധനാഴ്ച രാവിലെ 11 മുതല്‍ നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലും കൂടുതല്‍ ആളുകള്‍ എത്തി. 

അതിനുശേഷം ന്യൂഡല്‍ഹി ​െറയില്‍വെ സ്​റ്റേഷനില്‍ വന്നും ആളുകള്‍ ടിക്കറ്റിന് തിക്കും തിരക്കും കുട്ടുന്നത് കാണാമായിരുന്നു. പരിശോധന കേന്ദ്രങ്ങളില്‍ ഉച്ചക്ക് മുമ്പെ എത്തിയ മലയാളികള്‍ക്കുള്ള ഉച്ചഭക്ഷണം നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ പരിശോധന പൂര്‍ത്തിയാക്കിയവരെ ഏറ്റെടുത്ത് 50ാളം ഡി.ടി.സി ബസുകളില്‍ ന്യുഡല്‍ഹി റയില്‍വെ സ്​റ്റേഷനിലത്തെിച്ചു. വൈകീട്ട് റയില്‍വെ സ്​റ്റേഷനില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സ്നാക്സും ജ്യൂസും ഡല്‍ഹി കെ.എം.സി.സി 600 യാത്രക്കാര്‍ക്ക് മലബാര്‍ ബിരിയാണി അത്താഴമായും നല്‍കി. 

1200 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ അനുമതി ചോദിച്ച കെ.എം.സി.സിക്ക് അതിന് അനുമതി ലഭിക്കാതിരുന്നപ്പോഴാണ് വിതരണം 600 പേരില്‍ പരിമിതപ്പെടുത്തേണ്ടി വന്നത്. കേരള സ്കൂളിൽ എത്തിയവർക്ക് ജനസംസ്കൃതി, ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ എന്നീ മലയാളി സംഘടനകളും കേരള എജുക്കേഷൻ സൊസൈറ്റിയും ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. 

ന്യൂ ഡൽഹി റെയിൽവേ സ്​റ്റേഷനിലെത്തിയ മലയാളികൾ
 

കേരളത്തിൽ അഞ്ച് സ്​റ്റോപ്പുകൾ

‘ശ്രമിക് ട്രെയിനി’ന് കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്​​ സ്​റ്റോപ്പുള്ളത്. തയാറാക്കിയ 1304 പേരുടെ അവസാന പട്ടികയിൽ 1120 പേർ യാത്രക്കെത്തിയെന്ന് ഡൽഹിയിലെ നോർക്ക ഒാഫിസ് അറിയിച്ചു. ഡൽഹിയിൽനിന്ന്​ ജോലി നഷ്​ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. 

യു.പി -103, ജമ്മു ആൻഡ്​ കശ്മീർ -12, ഹരിയാന -110, ഹിമാചൽ പ്രദേശ്​ -50, ഉത്തരാഖണ്ഡ് - 36 എന്നിങ്ങനെ കുടിയേറ്റ മലയാളികളുണ്ട്. ഇവരിൽ 700 വിദ്യാർഥികളും 60 ഗർഭിണികളുമുണ്ട്. യാത്രക്കാർ കോവിഡ് ജാഗ്രതാ വെബ് പോർട്ടലിൽ ഇ-പാസിനായി രജിസ്​റ്റർ ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.

Tags:    
News Summary - shramik train from delhi to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.