‘കലാപകാരികളെ ഞെട്ടിച്ച് നിശബ്ദരാക്കി’; പൊലീസ് അതിക്രമത്തിന് കൈയടിച്ച് യോഗി

ലഖ്നോ: യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ ന്യായീകരിച ്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് നടപടി കലാപകാരികളെ ഞെട്ടിച്ച് നിശബ്ദരാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റിലൂടെ പറഞ്ഞു.

'എല്ലാ കലാപകാരികളും ഞെട്ടിയിരിക്കുകയാണ്. യോഗി സർക്കാറിന്‍റെ കർശന നടപടികളെ തുടർന്ന് എല്ലാവരും നിശബ്ദരായി. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. യു.പിയിൽ യോഗി സർക്കാർ ഉള്ളതിനാൽ അക്രമകാരിയായ ഓരോ പ്രക്ഷോഭകനും ഇപ്പോൾ കരയുകയാണ്' -ട്വീറ്റിൽ പറയുന്നു. ‘മഹാനായ മുഖ്യമന്ത്രി യോഗി’ (theGreat CM Yogi) എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

യു.പിയിൽ പ്രതിഷേധക്കാർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ പൊലീസ് നടത്തിയ കിരാതവാഴ്ചയിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പൊലീസിന് പൂർണപിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

‘കലാപത്തിന് നേതൃത്വം നൽകുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർ ഇപ്പോൾ നഷ്ടപരിഹാരം അടക്കേണ്ടിവരികയാണ്. കലാപകാരികളെ നേരിടേണ്ടത് എങ്ങിനെയെന്നതിന് മികച്ച ഉദാഹരണമാണിത്’ -മറ്റൊരു ട്വീറ്റിൽ പറയുന്നു.

യു.പിയിൽ മാത്രം 21 പേരാണ് പ്രതിഷേധ പരിപാടികൾക്കിടെ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചത്. എന്നാൽ, ബിജ്നോറിൽ ഒഴികെ മറ്റൊരിടത്തും പൊലീസ് വെടിവെച്ചിട്ടില്ലെന്നാണ് സർക്കാർ വാദം. വംശഹത്യയാണ് യു.പിയിൽ ബി.ജെ.പി സർക്കാറിന്‍റെ പൂർണ പിന്തുണയോടെ പൊലീസ് നടത്തുന്നതെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.

പൊലീസ് അതിക്രമങ്ങളിൽ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

Tags:    
News Summary - Shocked Every Protester": Yogi Adityanath Justifies UP Crackdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.