45 പേർ ഒപ്പമുണ്ടെന്ന് ശിവസേന വിമതൻ; ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ കാണും

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസർക്കാറിനെ വീഴ്ത്താൻ തന്ത്രങ്ങൾ മെനയുന്ന ശിവസേന വിമതൻ ഏക്നാഥ ഷിൻഡെ, തന്റെ കൂടെ 45 എം.എൽ.എമാർ ഒപ്പമുണ്ടെന്ന് വ്യക്തമാക്കി. ഗുവാഹത്തി റെഡിസൻ ബ്ലു ഹോട്ടലിൽ കഴിയുന്ന വിമതസംഘം, സഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ കാണും. മഹാരാഷ്ട്ര ഗവർണർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണിത്. അതേസമയം, മഹാരാഷ്ട്രയുടെ അധിക ചുമതല തങ്ങൾക്ക് ഇല്ലെന്ന് ഗോവ രാജ്ഭവൻ വ്യക്തമാക്കി.

ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് എം.എൽ.എമാർ അസമിലെ ഗുവാഹത്തിയിലെത്തിയത്. താക്കറെയുടെ ഹിന്ദുത്വയുമായി തങ്ങൾ മുന്നോട്ട് പോകുമെന്ന് ഗുവാഹത്തിയിൽ എത്തിയ ഷിൻഡെ വ്യക്തമാക്കി.

വിമത സ്വരമുയർത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിൻഡെ എം.എൽ.എമാരുമായി സ്ഥലം വിട്ടതോടെ മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ മഹാവികാസ് അഗാഡി സർക്കാറിൽ പ്രതിസന്ധി തുടരുകയാണ്. ഹിന്ദുത്വയുടെ പേരിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം സർക്കാർ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിൻഡെ എംഎൽഎമാരുമായി സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലേക്കാണ് ആദ്യം മാറിയത്.

ബാൽതാക്കറെയോട് കൂറുള്ള ശിവസൈനികനായ താൻ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിൻഡെ പറയുന്നു. എന്നാൽ, ശിവസേനയെ പിളർപ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിൻഡെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.

അതിനിടെ, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കൾ വിമത നേതാവ് ഏക് നാഥ് ഷിൻഡെയെ കണ്ട് രണ്ടു മണിക്കൂർ ചർച്ച നടത്തി. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഏക് നാഥ് ഷിൻഡെ പാർട്ടി എം.എൽ.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.


തെരഞ്ഞെടുപ്പിൽ ഭരണപക്ഷ എം.എൽ.എമാർ കൂറുമാറി വോട്ടു ചെയ്തതിനാൽ ബി.ജെ.പിയുടെ അധിക സ്ഥാനാർഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബി.ജെ.പി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചു. ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ ചെന്ന് ദേശീയ നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ കണ്ടു. ഡൽഹിയിലായിരുന്ന എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുംബൈയിലെത്തിയിട്ടുണ്ട്.

Tags:    
News Summary - Shiv Sena rebel Eknath Shinde say 45 MLA are with them; will meet Goa Governor PS Sreedharan Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.