മുംബൈ: ഏക്നാഥ് പക്ഷ ശിവസേനയുടെ എതിർപ്പിനെ തുടർന്ന് ഓഫിസിലെ ടിപ്പുസുൽത്താന്റെ ചിത്രം നീക്കം ചെയ്ത് മഹാരാഷ്ട്രയിലെ മാലേഗാവ് നഗരസഭ ഡെപ്യൂട്ടി മേയർ ശാനെ ഹിന്ദ് നിഹാൽ അഹ്മദ്. വ്യാഴാഴ്ചയായിരുന്നു മാലേഗാവിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. പുതുതായി രൂപവത്കരിച്ച ഇസ്ലാം പാർട്ടിയുടെ ശൈഖ് നസ്രീൻ ഖാലിദ് മേയറായും സമാജ് വാദി പാർട്ടിയുടെ ശാനെ ഹിന്ദ് നിഹാൽ അഹ്മദ് ഡെപ്യൂട്ടി മേയറുമായും തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപിന്നാലെ പാർട്ടി കോർപറേറ്റർമാർ സമ്മാനിച്ച ടിപ്പുവിന്റെ ചിത്രം തന്റെ ഓഫിസിലെ ചുമരിൽ ശാനെ ഹിന്ദ് തൂക്കുകയായിരുന്നു.
ഹിന്ദു വിരോധിയായ ടിപ്പുവിന്റെ ചിത്രം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ പക്ഷ ഗ്രൂപ് നേതാവ് നീലേഷ് ആഹെർ രംഗത്തുവരുകയായിരുന്നു. ടിപ്പു ബ്രിട്ടീഷുകാർക്കെതിരെനിന്ന സ്വാതന്ത്ര്യ പോരാളിയാണെന്ന് പറഞ്ഞും ഇക്കാര്യം ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത് ചൂണ്ടിക്കാട്ടിയും ശാനെ ഹിന്ദ് ന്യായീകരിച്ചു. എന്നാൽ, ചിത്രം നീക്കംചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ശിവസേന ശഠിച്ചു. തുടർന്നാണ് നീക്കം ചെയ്തത്.
മാലേഗാവിൽ ശിവസേന സ്ഥാനാർഥികളെ തോൽപിച്ചാണ് ഇസ്ലാം പാർട്ടിയുടെ ശൈഖ് നസ്രീൻ ഖാലിദ് ആദ്യ വനിത മേയറും സമാജ് വാദി പാർട്ടിയുടെ ശാനെ ഹിന്ദ് നിഹാൽ അഹ്മദ് ആദ്യ വനിത ഡെപ്യൂട്ടി മേയറുമായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയും ഉവൈസിയുടെ മജ്ലിസ് പാർട്ടിയും തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.