നിരാഹാരം തുടരുന്ന സോനം വാങ്ചുക്കിനെ ഡോക്ടർമാർ പരിശോധിക്കുന്നു
ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹരജി. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്രത്തിനും ഡൽഹി പൊലീസിനും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കോടതി ഇടപെടണമെന്ന് ഹരജിയിൽ പറയുന്നു. ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാകേഷ് കുമാർ സൈനിയാണ് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
വാങ്ചുകിന്റെ ആരോഗ്യനില വഷളായതായും അദ്ദേഹം മരിച്ചാൽ അത് ‘രാജ്യത്തിനും ലോകത്തിനും വലിയ നാണക്കേടാണ്’ എന്നും ഹരജിയിൽ പറയുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി ജീവന്റെ നിലനിൽപ്പിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ദ്രാവകരൂപത്തിൽ നിർബന്ധിച്ച് നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് വാങ് ചുക്കിന്റെ നിരാഹാര സമരം. ജൂൺ 28 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ വാങ്ചുക്ക് അനിശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്. സമരം 17ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതായി സംഘാടകർ അറിയിച്ചിരുന്നു.
തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിന്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70ൽ താഴെയാണ്. നിരന്തരമായ തലകറക്കം, കടുത്ത പേശിക്ഷയം, പ്രകടമായ ശാരീരിക ബലഹീനത എന്നിവ അദ്ദേഹം അനുഭവിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ വാരിയെല്ലുകൾ ഇപ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നുവെന്നും സമരക്കാർ അറിയിച്ചു. അതേസമയം, സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. സമരം തുടരുമ്പോഴും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി ഒരു പ്രതിനിധിയെ പോലും അയച്ചിട്ടില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരുൾപ്പെടെ നിരവധി പേർ വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച കനിമൊഴി, രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും സമരം നിർത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.