പാക് പ്രധാമന്ത്രി ശഹബാസ് ശെരീഫും സൈനീക മേധാവി അസിം മുനീറും |ഫയൽ ചിത്രം|

പാകിസ്താൻ വിട്ട് ശഹബാസ് ശരീഫ്; അസിം മുനീറിനെ സൈനീക മേധാവിയാക്കുന്നതിൽ അതൃപ്തി, മനഃപൂർവം വിട്ടുനിൽക്കുന്നുവെന്നും റിപ്പോർട്ടുകൾ

ഇസ്ലാമാബാദ്: സംയുക്ത സൈനീക മേധാവിയായി (സി.ഡി.എഫ്) അസിം മുനീറിന്റെ സ്ഥാനാരോഹണം തടയാൻ ലക്ഷ്യമിട്ട് പാക് പ്രധാനമന്ത്രി ശഹബാസ് ​ശരീഫ് രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. അസിം മുനീറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനമിറക്കാനുള്ള അവസാന തീയതി പിന്നിട്ടതിന് പിന്നാലെയാണ് ശഹബാസ് രാജ്യം വിടുന്നത്. ഇതോടെ സൈനീക മേധാവിയുടെ തുടർച്ചയും ത​ന്ത്രപ്രധാനമായ ആ​ണവ കമാൻഡ് അധികാരവും അനിശ്ചിതത്വത്തിലായി.

അസിം മുനീറിനെ സി.ഡി.എഫ് ആയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിൽനിന്ന് മനഃപ്പൂർവ്വം ഒഴിവാകാൻ വേണ്ടിയാണ് ശഹബാസ് മാറി നിൽക്കുന്നതെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ബോർഡ് മുൻ അംഗവും പാകിസ്താനേക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ തിലക് ദേവാഷർ പറഞ്ഞു.

പാകിസ്താൻ ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെയാണ് സംയുക്ത സൈനീക മേധാവിയുടെ തസ്തിക സൃഷ്ടിച്ചത്. ഇതിന് പിന്നാ​ലെ, അസിം മുനീർ ചുമതലയേ​റ്റെടുക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇതിന് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകുകയായിരുന്നു. ശഹബാസ് ശരീഫ് ആദ്യം ബഹ്റൈനിലേക്കും പിന്നാലെ ലണ്ടനിലേക്കും പോയതായി തിലക് ദേവാഷർ കൂട്ടിച്ചേർത്തു.

അസിംമുനീറിനെ അടുത്ത അഞ്ചുവർഷം സംയുക്ത സൈനീക മേധാവിയായി നിയമിച്ച് വിജ്ഞാപനമിറക്കാൻ ശഹബാസ് ശരീഫിന് താത്പര്യമില്ലെന്നാണ് നിലവിലെ നടപടികൾ വ്യക്തമാക്കുന്നത്. രാജ്യത്ത് നിന്ന് വിട്ടുനിൽക്കുന്നതോടെ ഉത്തരവിൽ ഒപ്പുവെക്കേണ്ടി വരില്ലെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുവെന്ന് വേണം കരുതാനെന്നും ദേവാഷർ കൂട്ടിച്ചേർത്തു.

സൈനീക മേധാവിയായി മൂന്നുവർഷക്കാലാവധി അവസാനിച്ച നവംബർ 29നായിരുന്നു മുനീറിനെ സംയുക്ത സൈനീക മേധാവിയായി നിയമിച്ച് ഉത്തരവിറക്കേണ്ടിയിരുന്ന അവസാന തീയതി. എന്നാൽ, സർക്കാർ ഉത്തരവ് ഇറക്കിയില്ലെന്ന് മാത്രമല്ല, ഒപ്പു​വെക്കേണ്ട ശരീഫ് രാജ്യം വിടുകയും ചെയ്തു.

സി.ഡി.എഫ് തസ്തിക രൂപീകരിച്ചതോടെ ​​ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാൻ തസ്തിക റദ്ദായിരുന്നു. അനിശ്ചിതത്വം തുടരുന്നതോടെ പാക് സൈന്യം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കരസേനാ മേധാവിയുടെ കാലാവധി അവസാനിച്ചതോടെ അസിം മുനീർ ഔദ്യോഗികമായി സ്ഥാനത്തില്ല. ആണവായുധ കമാൻഡടക്കമുള്ള കാര്യങ്ങൾ പുതിയ ഭരണഘടനാ ഭേദഗതിയനുസരിച്ച് സി.ഡി.എഫിന്റെ അധികാര പരിധിയിലാണ് വരിക. നിലവിലെ സാഹചര്യത്തിൽ ഇതുസംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണെന്ന് ദേവാഷർ പറയുന്നു.

അതേസമയം, നിയമനത്തിന് പ്രത്യേക ഉത്തരവ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് നിയമകാര്യ വിദഗ്ദർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് പാക് മാധ്യമമായ ദ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടന ഭേദഗതിയും പാകിസ്താൻ സൈനീക ചട്ടങ്ങളുമനുസരിച്ച് മുനീറിന് പുതിയ തസ്തികയിൽ അഞ്ചുവർഷം കൂടെ തുടരാനാവുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് സംബന്ധിച്ച് അഭിപ്രായവ്യത്യാസമുള്ളതുകൊണ്ടുതന്നെ അനിശ്ചിതത്വം തുടരുകയാണെന്നും ദ ഡോൺ പറയുന്നു.

കരസേനാ മേധാവിയെന്ന നിലയിൽ നവംബർ 29-ന് അസിം മുനീറിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് സി.ഡി.എഫ് പദവിയിലൂടെ സൈനിക ശക്തി പിടിച്ചെടുക്കാൻ മുനിർ കരുക്കൾ നീക്കിയത്. പിന്നാലെ, ഭരണഘടനാഭേദഗതിയിലൂടെ ഇത് വിജയകരമായി നടപ്പാക്കുകയും ചെയ്തു. പ്രധാനമന്ത്രി വിജ്ഞാപനത്തിൽ ഒപ്പിടുന്നതോടെ പാക് സൈന്യം അസിം മുനീറിന്റെ ചൊൽപ്പടിയിലാകുമെന്നാണ് കരുത​പ്പെടുന്നത്. എന്നാൽ, ഇതിന് സമർഥമായി തടയിടാൻ ലക്ഷ്യമിട്ടാണ് ശരീഫിന്റെ വിദേശ പര്യാടനം എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Shehbaz Sharif intentionally staying away: Expert on delay in notification to appoint Paks first CDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.