ശശി തരൂർ

തരൂരിന് കോൺഗ്രസിൽ തല്ല്; തലോടൽ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിന് കോൺഗ്രസ് നേതൃത്വത്തിന്‍റെ തല്ല്; തലോടൽ. വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച ശശി തരൂർ പക്ഷത്തിന് ഇരട്ട മുഖമാണെന്ന് തെരഞ്ഞെടുപ്പ് ചുമതല വഹിച്ച മധുസൂദൻ മിസ്ത്രി കുറ്റപ്പെടുത്തി.

അതേസമയം, തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽ തരൂരിനെ വസതിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി അഭിനന്ദനം അറിയിച്ചു. യു.പി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് കൃത്രിമം നടന്നതായി ആരോപിച്ച് തരൂരിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് സൽമാൻ സോസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചിരുന്നു.

വോട്ടെടുപ്പ് തിരിമറി പാടേ നിഷേധിച്ച് സോസിന് എഴുതിയ മറുപടിക്കത്തിലാണ് മിസ്ത്രി കടുത്ത വിമർശനം നടത്തിയത്. അതോറിറ്റി നൽകിയ എല്ലാ മറുപടികളിലും തൃപ്തനാണെന്നാണ് തന്നെ അറിയിച്ചത്. അതിനു ശേഷം മാധ്യമങ്ങളിൽ എല്ലാ ആരോപണങ്ങളും ഉന്നയിച്ചു. തനിക്കും മാധ്യമങ്ങൾക്കും മുന്നിൽ താങ്കൾക്ക് വെവ്വേറെ മുഖമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട് -കത്തിൽ മിസ്ത്രി പറഞ്ഞു.

അതോറിറ്റി നിയോഗിച്ചതനുസരിച്ച് ബൂത്തിൽ ചെന്നവരെയാണ് 'അന്യർ കടന്നു കയറി'യെന്നും മറ്റുമുള്ള പരാതിയിൽ കുറ്റപ്പെടുത്തുന്നത്. ബന്ധപ്പെട്ട ബൂത്ത് ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് എല്ലാ ബാലറ്റ് പെട്ടികളും സീൽ ചെയ്തത്.

തരൂരിന്‍റെ ആശങ്ക പരിഗണിച്ചാണ് ബാലറ്റ് പേപ്പറിൽ ഒന്ന് ഇടേണ്ടതിനു പകരം ശരി അടയാളം രേഖപ്പെടുത്താൻ നിർദേശിച്ചത്. തെരഞ്ഞെടുപ്പ് അതോറിറ്റി നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയെന്നു വരെ മാധ്യമങ്ങളോട് പറഞ്ഞിട്ടും, പരാതി ഉൾക്കൊള്ളാൻ അതോറിറ്റി തയാറായെന്നും കത്തിൽ പറഞ്ഞു.

വിജയിച്ച ഖാർഗെയെ വസതിയിൽ ചെന്നുകണ്ട് അനുമോദിച്ചതിനു പിറകെയാണ് സോണിയ ഗാന്ധി ശശി തരൂരിനെ 10-ജൻപഥിലേക്ക് ക്ഷണിച്ചത്. തെരഞ്ഞെടുപ്പ് ജനാധിപത്യപരവും മാന്യവുമാക്കാൻ സഹകരിച്ചതിൽ സോണിയ സന്തോഷം അറിയിച്ചു.

തനിക്കൊപ്പം നിന്നവർക്കെതിരെ പ്രതികാരനടപടി ഉണ്ടാകരുതെന്ന് തരൂർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിൽ താൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിക്കപ്പെടണമെന്ന ആഗ്രഹവും അറിയിച്ചു.

Tags:    
News Summary - Shashi Tharoor-who lost in the Congress President election was slapped by the Congress leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.