നാഗ്പൂർ: ശശി തരൂരിന്‍റെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശനിയാഴ്ച നാഗ്പൂരിൽ തുടക്കമാകും. വൈകീട്ട് നാഗ്പൂരിലെത്തുന്ന തരൂർ ദീക്ഷഭൂമി സ്മാരകം സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാവ് ആശിഷ് ദേശ്മുഖ് അറിയിച്ചു. 1956ൽ ഡോ. ബി.ആർ. അംബേദ്കർ അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത് ഇവിടെ വെച്ചായിരുന്നു.
നാഗ്പൂർ സന്ദർശനത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും മഹാരാഷ്ട്രയിലെ യൂനിറ്റ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ജനപ്രിയനായ കോൺഗ്രസ് എം.പിയാണ് തരൂരെന്നും 12 സംസ്ഥാനങ്ങളിലെ പാർട്ടി പ്രതിനിധികൾ അദ്ദേഹത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആശിഷ് ദേശ്മുഖ് പറഞ്ഞു.
ഞായറാഴ്ച വാർധയിലെ മഹാത്മാഗാന്ധിയുടെ സേവാഗ്രാമ ആശ്രത്തിലും പാവ്നറിലെ വിനോബ ഭാവെയുടെ ആശ്രമത്തിലും തരൂർ സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ചയാണ് തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചത്. ശശി തരൂരിനെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെ, ഝാർഖണ്ഡിലെ മുൻമന്ത്രി കെ.എ.ൻ ത്രിപാഠി എന്നിവരും മത്സര രംഗത്തുണ്ട്. ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.