അറസ്റ്റിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ബിൽ; പിന്തുണച്ച് ശശി തരൂർ; കോൺഗ്രസ് വീണ്ടും വെട്ടിൽ

ന്യഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലിനെ പരസ്യമായ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ബില്ലിലെ എതിർക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചതിനു പിന്നാലെയാണ് പാർട്ടിയെ വീണ്ടും വെട്ടിലാക്കി ശശി തരൂറിന്റെ പ്രസ്താവന.

അറസ്റ്റിലാകുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടെ ജനപ്രതിനിധികൾ 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബിൽ. പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും വേട്ടയാടാൻ ലക്ഷ്യമിടുന്നതാണ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബിൽ എന്ന് വ്യക്തമാക്കി എതിർക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചപ്പോഴാണ് ശശി തരൂരിന്റെ പ്രതികരണം.

ബില്ലിൽ തെ​റ്റൊന്നും കാണുന്നില്ലെന്നും ​സംയുക്ത പാർലമെന്റ് സമിതി (ജെ.പി.സ)യിൽ ചർച്ച നടക്കട്ടേയെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഓപറേഷൻ സിന്ദൂർ മുതൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷത്തിൽ നിന്നും ഭിന്നമായ സ്വരവുമായി ബി.ജെ.പി സർക്കാറിന് പിന്തുണ അറിയിച്ച് നേരത്തെയും ശശി തരൂർ രംഗത്തു വന്നിരുന്നു. ഏറ്റവും ഒടുവിൽ ഒപാറേഷൻ സിന്ദൂർ ചർച്ചയിൽ നിന്നും വിട്ടു നിന്ന തരൂർ അമിത് ഷായുടെ പ്രസംഗത്തിനും മേശയിലടിച്ച് പിന്തുണ നൽകിയിരുന്നു.

പൊതുരംഗത്ത് സംശുദ്ധ പശ്ചാത്തലം ഉറപ്പാക്കുകയും അഴിമതി തടയുക എന്ന വാഗ്ദാനവുമായണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.

എന്നാൽ, ​പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിക്ഷ നേതാക്കളുടെ ആരോപണം. ബില്ലിനെ ശക്തമായി എതിർക്കാൻ ബുധനാഴ്ച ചേർന്ന ​ഇൻഡ്യ മുന്നണി യോഗവും തീരുമാനിച്ചിരുന്നു.

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നീക്കാനുള്ള അധികാരം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കൈകളിലെത്തുന്നതാണ് ബിൽ എന്നും, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരായ കടന്നാക്രമണമാണിതെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു. 

Tags:    
News Summary - Shashi Tharoor differs with congress on ‘Bill to remove PM, CM, Ministers’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.