ന്യൂഡൽഹി: നേതൃത്വത്തെക്കുറിച്ച അവ്യക്തത കോൺഗ്രസിന് ക്ഷതമേൽപിക്കുന്നുണ്ടെന് ന് മുൻ കേന്ദ്ര മന്ത്രിയും കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിയുമായ ശശി തരൂർ. യുവനേ താവിനെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട തരൂ ർ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രിയങ്ക ഗാ ന്ധി മത്സരിക്കാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ച രാഹുൽ ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തക സമിതി ചേരാനിരിക്കെ വാർത്ത ഏജൻസിയായ പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കുള്ളിലെ വിഷയങ്ങളിൽ ശശി തരൂർ തെൻറ നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയിൽ സംജാതമായ സാഹചര്യത്തിൽ നിരാശ പ്രകടിപ്പിച്ച തരൂർ കോൺഗ്രസിൽ തങ്ങൾ അനുഭവിക്കുന്ന വിഷമാവസ്ഥക്ക് കൃത്യമായ ഉത്തരമില്ലെന്ന് തുടർന്നു. നേതൃത്വത്തെക്കുറിച്ച വ്യക്തതക്കുറവ് കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും വേദനിപ്പിക്കുന്നതാണ്. നിർണായക തീരുമാനങ്ങളെടുക്കുകയും പ്രചോദനവും ഉൗർജവും നൽകി പ്രവർത്തകരെ ഒരുമിച്ചുമുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന പാർട്ടി നേതൃത്വം അവർക്ക് ഇല്ലാതായിരിക്കുന്നു.
ഇടക്കാല വർക്കിങ് പ്രസിഡൻറിനെ കണ്ടെത്തി കോൺഗ്രസ് പ്രവർത്തക സമിതി നിർദേശിക്കുകയാണ് ഒരു വഴി. ശേഷം പ്രധാന പദവികളിലും കോൺഗ്രസ് പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പിലൂടെ അനുയോജ്യരായവരെ കണ്ടെത്താനാകും. ഇൗ ഘട്ടത്തിൽ കോൺഗ്രസിന് ഏറ്റവും അനുയോജ്യം യുവനേതൃത്വമാണെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ നിലപാടിനെ തരൂർ പിന്തുണച്ചു.
കോൺഗ്രസ് പ്രവർത്തകസമിതിയെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതടക്കം പാർട്ടിക്കു മുന്നിൽ എല്ലാ വഴികളും തുറന്നുകിടക്കുന്നുണ്ട്. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ പ്രിയങ്ക ഗാന്ധി മത്സരരംഗത്തേക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അക്കാര്യം തീരുമാനിക്കേണ്ടത് ഗാന്ധി കുടുംബമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.