ചെന്നൈ: ജയേന്ദ്ര സരസ്വതിയുടെ സന്യാസജീവിതം വിവാദമയമായിരുന്നു. കൊലപാതക കേസും അറസ്റ്റും ജയിലുമൊക്കെയായി കലുഷിതം. ഇതിനിടെ ഹൈന്ദവ ഏകീകരണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി നിരന്തരം യാത്രകൾ നടത്തി. 2000 വർഷത്തെ പാരമ്പര്യമുള്ള തമിഴ്നാട് കാഞ്ചീപുരം കാഞ്ചി മഠത്തിലെ മുഖ്യ പൂജാരിയായിരിക്കുേമ്പാഴും സാമൂഹികസേവന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നു. മഠത്തിനു കീഴിൽ വിദ്യാലയങ്ങളും മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളും തുറന്നു. മെഡിക്കൽ കോളജ്, ശങ്കര നേത്രാലയ തുടങ്ങിയ ആതുരാലയങ്ങൾ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ്.
അയോധ്യ വിഷയത്തിൽ പ്രശ്നപരിഹാരത്തിനിറങ്ങിയെങ്കിലും ഏകപക്ഷീയ നിലപാടുമൂലം മുസ്ലിം സംഘടനകൾ ബഹിഷ്കരിക്കുകയായിരുന്നു. ആർ.എസ്.എസുമായും ബി.ജെ.പിയുമായും അദ്വാനി, വാജ്പേയി തുടങ്ങിയ മുതിർന്ന നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി. തമിഴ്നാട്ടിൽ ജാതിപീഡനം മൂലം ദലിതർ ഇസ്ലാം ആശ്ലേഷിക്കാൻ തയാറെടുത്തപ്പോൾ അതിന് തടയിടാനാണ് സംഘ്പരിവാറുമായി അടുക്കുന്നത്. മധുരയിലെ മീനാക്ഷിപുരം, കന്യാകുമാരി, തക്കല, തേങ്ങാപട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ ദലിതുകളുടെ മതപരിവർത്തനം തടയാൻ മാസങ്ങളോളം ചർച്ച നടത്തി. ഇതിനിടെ അണ്ണാ ഡി.എം.കെയും ജയലളിതയുമായും അടുത്ത ബന്ധം സ്ഥാപിച്ചു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയേന്ദ്ര സരസ്വതിയുടെ ആശീർവാദത്തോടെയാണ് ജയലളിത സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടത്.
1994ൽ മഠത്തിെൻറ സുപ്രധാന ചുമതല ഏറ്റെടുത്ത സ്വാമി ഏകാധിപതിയെപ്പോലെ വാഴുന്നതിനെതിരെ പ്രതിഷേധമുയർന്നു. ഇതിനെ തെൻറ സംഘത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച സ്വാമി കേസുകളിലും കുടുങ്ങി.
മഠത്തിനോടുചേർന്ന് ശ്രീ വരദരാജ പെരുമാൾ ക്ഷേത്രം മാനേജരായ ശങ്കരരാമനെ 2004 സെപ്റ്റംബർ മൂന്നിന് ഓഫിസിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായി സ്വാമി വാർത്തകളിൽ നിറഞ്ഞു. അനുയായിയായ ജയലളിത സ്വാമിയെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത് ചർച്ചയായി. അറസ്റ്റിെനതിരായ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധം ഒരു ചലനവുമുണ്ടാക്കിയില്ല. മൂന്ന് മാസം ജയിലിൽകിടന്ന സ്വാമിക്ക് സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. കാഞ്ചിമഠത്തിലെ അഴിമതിക്കെതിരെ ശങ്കരരാമൻ നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതിയതിെൻറ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു കുറ്റപത്രം.
എന്നാൽ, കൊലക്കേസിൽ ജയേന്ദ്ര സരസ്വതി, ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു.തെളിവ് ഹാജരാക്കുന്നതിൽ േപ്രാസിക്യൂഷൻ പരാജയപ്പെെട്ടന്ന് ചൂണ്ടിക്കാട്ടി പുതുച്ചേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സി.എസ്. മുരുകനാണ് രണ്ട് മിനിറ്റിൽ വിധി പറഞ്ഞത്. സർക്കാർ അപ്പീൽ പോകുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. മഠവുമായി ബന്ധപ്പെട്ട കണക്കിലെ പൊരുത്തക്കേട് കത്തുകളിലൂടെ പുറംലോകത്തെ അറിയിച്ചെന്നാരോപിച്ച് ഓഡിറ്റർ രാധാകൃഷ്ണനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലും സ്വാമി പ്രതിയായിരുന്നു. സ്വാമി ഉൾപ്പെടെ ഒൻപത് പ്രതികളെ ചെന്നൈ സെഷൻസ് കോടതി വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ 2016 ജൂൈലയിൽ മദ്രാസ് ഹൈകോടതിയിൽ നൽകിയ അപ്പീലിൽ വാദം നടന്നുവരവെയാണ് വിേയാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.