ചെന്നൈ: ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഐ.പി.എസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ രംഗത്ത്. പരാതിക്കാരിയായ കോൺസ്റ്റബിളുമായി മാഗേഷ് കുമാർ ഐ.പി.എസിന് രണ്ട് വർഷത്തിലധികമായി ബന്ധമുണ്ടെന്ന് ഭാര്യ അനുരാധ പറയുന്നു.
പണം നൽകാത്ത സാഹചര്യത്തിലാണിപ്പോൾ പരാതി നൽകിയതെന്നാണ് അനുരാധയുടെ ആരോപണം. വനിതാ കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കഴിഞ്ഞ ദിവമാണ് ചെന്നൈ നോർത്ത് ട്രാഫിക് ജോയിന്‍റ് കമ്മീഷണർ ഡി.മാഗേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.
വനിതാ കോൺസ്റ്റബളിന്‍റെ പരാതിയിൽ വനിതാ ഡി.ജി.പി പ്രാഥമിക പരിശോധന നടത്തുന്നതിനിടെ മറ്റൊരു കോൺസ്റ്റബിളും മാഗേഷിനെതിരെ പരാതി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഭർത്താവിനെതിരെ ഡി.ജി.പി തിടുക്കത്തിൽ നടപടി എടുത്തെന്നും തനിക്ക് പറയാനുള്ളത് കേൾക്കേണ്ടിയിരുന്നുവെന്നാണ് അനുരാധ പറയുന്നത്. മാഗേഷും പരാതിക്കാരിയും ഈ മാസം ഏഴിന് ചെന്നൈയിലെ ഹോട്ടലിൽ ഒരുമിച്ച് നിൽക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ തന്‍റെ കൈവശം ഉണ്ടെന്നും അനുരാധ അവകാശപ്പെട്ടു.
പലപ്പോഴായി മാഗേഷിന്‍റെ കൈയിൽ നിന്ന് പണവും സ്വർണവും വനിത കോൺസ്റ്റബിൾ കൈവശപ്പെടുത്തിയെന്നാണ് അനുരാധ ആരോപിക്കുന്നത്. ചെങ്കൽപ്പേട്ടിലെ വീട് നിർമ്മാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോൾ നൽകാത്തതിലെ പകയാണ് ഇത്തരമൊരു പരാതി നൽകാൻ ഇടയാക്കിയതെന്ന് അനുരാധ പറഞ്ഞു.
വിവാഹവാർഷിക ദിനത്തിൽ മാഗേഷിനെ സസ്പെൻഡ് ചെയ്ചത് ബോധപൂർവമാണെന്നും ഇതിൽ വേദനയുണ്ടെന്നും അനുരാധ പറയുന്നു. എസ്.ഐ ആയിരുന്ന അനുരാധ മാഗേഷുമായുള്ള വിവാഹത്തിന് പിന്നാലെ സർവീസിൽ നിന്ന് രാജിവച്ചിരുന്നു. ചൈന്നെ പൊലീസിൽ ചൂട് പിടിച്ച ചർച്ചയായി മാറിയിരിക്കുകയാണ് ഐ.പി.എസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ രംഗത്തെത്തിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.