ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് സിറ്റിങ് എം.പിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് ലുക്കൗട്ട് നോട്ടീസ് പതിക്കുക.

ഹൊലെനരസിപുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഉടൻ നേരിട്ട് ഹാജരാകാനാണ് നിർദേശം.

പ്രജ്വലിന്റെ നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയും വീട്ടുജോലിക്കാരി പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതിൽ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് പ്രത്യേകാന്വേഷണസംഘം. ഫ്രാങ്ക്ഫർട്ടിൽ വിമാനമിറങ്ങിയെന്നല്ലാതെ അവിടെ നിന്ന് എങ്ങോട്ട് പോയി എന്നതടക്കമുള്ള കാര്യത്തിൽ വിവരമില്ല.

കീഴടങ്ങാൻ ഏഴ് ദിവസം പ്രജ്വൽ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടിരുന്നു. ‘സത്യം വിജയിക്കും’ എന്നും അന്വേഷണത്തെ നേരിടാൻ താൻ ബം​ഗളൂരുവിൽ ഇല്ലെന്നും ബം​ഗളൂരു സി.ഐ.ഡിയുമായി വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും പ്രജ്വൽ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. 

Tags:    
News Summary - Sexual assault case: Lookout notice against Prajwal Revanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.