തെലങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാഫലത്തിന് പിന്നാലെ ജീവനൊടുക്കിയത് ഏഴ് വിദ്യാർഥികൾ; മരിച്ചവർ 16നും 17നും ഇടയിൽ പ്രായമുള്ളവർ

ഹൈദരാബാദ്: തെലങ്കാനയിൽ സംസ്ഥാന ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധയിടങ്ങളിലായി ഏഴ് വിദ്യാർഥികൾ ജീവനൊടുക്കി. നൽഗൊണ്ട, ഹൈദരാബാദ്, മേഡക്, ആദിലാബാദ്, മഹബൂബ്നഗർ, സൂര്യപേട്ട്, രംഗറെഡ്ഡി എന്നീ ആറ് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഞായറാഴ്ച പരീക്ഷാഫലം വന്നതിന് പിന്നാലെ ജീവനൊടുക്കിയത്. ഇവർ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്. 16നും 17നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.

നൽഗൊണ്ടയിൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിനിയായ കല്യാണി (16)യാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിൽ ഒന്നാം വർഷ വിദ്യാർഥിയായ ലക്ഷ്യയും (16) മേഡകിൽ സായിറാം (16) എന്ന വിദ്യാർഥിയും ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആദിലാബാദിൽ രണ്ടാം വർഷ വിദ്യാർഥിനിയായ സൗജന്യയാണ് (17) ഫലം വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മഹബൂബ്നഗറിൽ ഭൂത്പുർ സ്വദേശിനിയായ ശ്രീവാണി(17), സൂര്യപേട്ടിൽ ചിവേംല സ്വദേശിനി സൗജന്യ(17), രംഗറെഡ്ഡിയിലെ ഫറൂഖ്നഗറിൽ അഭിയാദവ് എന്ന വിദ്യാർഥിയും ആത്മഹത്യ ചെയ്തു.

ഞായറാഴ്ചയാണ് തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എഡ്യൂക്കേഷൻ ഒന്നും രണ്ടും വർഷങ്ങളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചത്. പെൺകുട്ടികളാണ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒന്നാം വർഷ വിദ്യാർഥികളിൽ 74.40 ശതമാനം പെൺകുട്ടികളും രണ്ടാം വർഷത്തിൽ 78.65ശതമാനം പെൺകുട്ടികളും വിജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം ഒന്നാം വർഷത്തിൽ 57.69 ഉം രണ്ടാം വർഷത്തിൽ 62.50ശതമാനവുമാണ്. സംസ്ഥാനത്തുടനീളം 1,495 കേന്ദ്രങ്ങളിലായി 9,97,075 വിദ്യാർഥികൾ പരീക്ഷ എഴുതി. ഫെബ്രുവരി 25 മുതൽ മാർച്ച് 18 വരെയായിരുന്നു പരീക്ഷ.

Tags:    
News Summary - Seven students die by suicide following the announcement of Telangana Intermediate exam results; deceased aged between 16 and 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.