മഹാവികാസ് അഘാഡിക്ക് തിരിച്ചടി; പ്രകാശ് അംബേദ്കറിന്‍റെ വി.ബി.എ ഒറ്റക്ക് മത്സരിക്കും; എട്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ വഞ്ചിത് ബഹുജൻ അഘാഡിയെ (വി.ബി.എ) സഖ്യത്തിലെത്തിക്കാനുള്ള മഹാവികാസ് അഘാഡി (എം.വി.എ) യുടെ അനുനയ നീക്കങ്ങൾ ഫലംകണ്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് വി.ബി.എ അധ്യക്ഷൻ പ്രകാശ് അംബേദ്കർ അറിയിച്ചു. എട്ടു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

രാംതേക് മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയെ വൈകീട്ട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആറ് സീറ്റാണ് പ്രകാശ് ഒടുവിൽ ആവശ്യപ്പെട്ടത്. എന്നാൽ, നാല് സീറ്റ് നൽകാമെന്ന നിലപാടിലായിരുന്നു എം.വി.എ. അന്തിമ നിലപാട് അറിയിച്ചില്ലെങ്കിൽ വി.ബി.എ ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകിയിരുന്നു.

തീരുമാനമാകാതെ വന്നതോടെയാണ് ഒറ്റക്ക് മത്സരിക്കുമെന്ന് അറിയിച്ചത്. ഒ.ബി.സി ഫെഡറേഷൻ, മറാഠാ കമ്യൂണിറ്റി തുടങ്ങിയ സംഘടനകളുടെ പിന്തുണ പ്രകാശിനുണ്ട്. അകോല ഒഴികെ എം.വി.എ നൽകിയ സീറ്റുകളിൽ വിജയസാധ്യതയില്ലെന്ന് പ്രകാശ് അറിയിച്ചിരുന്നു. അകോല പ്രകാശിനായി മാറ്റിവെച്ചിരിക്കുകയാണ് കോൺഗ്രസ്.

കോൺഗ്രസുമായി സഖ്യത്തിലായിരുന്ന 1998ലും 1999ലും മാത്രമാണ് അകോലയിൽ പ്രകാശ് ജയിച്ചത്. സഖ്യം വിട്ടശേഷവും പ്രകാശ് അകോലയിൽ മത്സരിച്ചു. 2009ലും 2019ലും രണ്ടാം സ്ഥാനത്തായിരുന്നു. വി.ബി.എക്ക് ഒറ്റക്ക് മത്സരിച്ച് ജയിക്കാനാകില്ലെങ്കിലും കോൺഗ്രസിന്‍റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും. 2019ൽ 10 ലോക്സഭ മണ്ഡലങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടത് വി.ബി.എ വോട്ട് ഭിന്നിപ്പിച്ചതിനാലാണ്.

Tags:    
News Summary - Setback for MVA as Prakash Ambedkar's VBA decides to go solo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.