[പ്രതീകാത്മക ചിത്രം]
ന്യൂഡൽഹി: ‘മരണത്തിന്‍റെ ഡോക്ടർ’ (ഡോക്ടർ ഡെത്ത്) എന്ന പേരിൽ കുപ്രസിദ്ധനായിരുന്ന സീരിയൽ കില്ലർ ഒടുവിൽ അറസ്റ്റിലായി. 67കാരനായ ദേവേന്ദർ ശർമയാണ് പിടിയിലായത്. രാജസ്ഥാനിലെ ദൗസയിൽ നിന്ന് ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2023 ആഗസ്റ്റിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയ ഇയാൾ, വ്യാജ ഐഡന്‍റിറ്റിയിൽ ഒരു ആശ്രമത്തിൽ പൂജാരി ചമഞ്ഞ് ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റ് വിവരം ഇന്നാണ് പൊലീസ് പുറത്തുവിട്ടത്.
ആയുർവേദ ഡോക്ടറായിരുന്നു ദേവേന്ദർ. 1998 നും 2004 നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തിയാണ് കുപ്രസിദ്ധി നേടിയത്. നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ 125 ലധികം അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് സൗകര്യമൊരുക്കിയതായി ഇയാൾ സമ്മതിച്ചിരുന്നു.
2002 നും 2004 നും ഇടയിൽ നിരവധി ടാക്സി, ട്രക്ക് ഡ്രൈവർമാരെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തി. ഡ്രൈവർമാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ കൊന്ന് വാഹനങ്ങൾ വിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ മുതലകൾ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഇരകളുടെ മൃതദേഹങ്ങൾ തള്ളിയിരുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിങ്ങനെ 27 കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിരവധി കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഗുരുഗ്രാം കോടതി വധശിക്ഷയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.