സെന്തിൽ ബാലാജി
ചെന്നൈ: ആൾക്കൂട്ട ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിന് പകരം ഉത്തരവാദിത്വമേറ്റെടുക്കുകയാണ് ടി.വി.കെ നേതൃത്വം ചെയ്യേണ്ടതെന്ന് കരൂർ ഡി.എം.കെ എം.എൽ.എ സെന്തിൽ ബാലാജി. മരിച്ച 41 ആളുകളിൽ 39 പേരും കരൂരിൽ നിന്നുള്ളവരാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടി.വി.കെ ഉറപ്പാക്കിയില്ല. ഡി.എം.കെ യോഗങ്ങളിൽ അതല്ല പതിവ്. ഭാവിയിൽ ഏത് പാർട്ടിയുടെ പരിപാടിയായാലും, ഒരുമിച്ച് ചേർന്ന് അത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സെന്തിൽ ബാലാജി പറഞ്ഞു.
ദുരന്തത്തിന് പിന്നാലെ വന്ന ദൃശ്യങ്ങളിൽ നൂറുകണക്കിന് ചെരുപ്പുകൾ ചിതറിക്കിടക്കുന്നത് കാണാം. ഒരു വെള്ളക്കുപ്പിയോ ബിസ്കറ്റ് കവറോ കണ്ടില്ല. അനുവദിച്ച സമയത്ത് വിജയ് വന്നിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. നാല് മണിക്ക് വിജയ് എത്താതിരുന്നതാണ് ദുരന്തത്തിന് കാരണം. വിജയ് വരും മുൻപേ പ്രശ്നങ്ങൾ തുടങ്ങിയെന്നും ആളുകൾ കുഴഞ്ഞുവീണിരുന്നുവെന്നും സെന്തിൽ ബാലാജി പറഞ്ഞു. വിജയ്ക്ക് നേരെ ചെരിപ്പേറിനെ കുറിച്ച് ശ്രദ്ധ ക്ഷണിക്കാൻ ആരെങ്കിലും ചെയ്തതാകാമെന്നും ബാലാജി പറഞ്ഞു.
കരൂരിൽ മാത്രം എങ്ങിനെ പ്രശ്നമുണ്ടായി എന്നാണ് വിജയ് ചോദിക്കുന്നത്. അമിതവേഗത്തിൽ എന്നും വാഹനം ഓടിക്കുന്ന ആൾ ഒരിക്കൽ മാത്രം തനിക്ക് അപകടമുണ്ടായത് എങ്ങനെയെന്ന് ചോദിക്കുന്നത് പോലെയാണ് നടന്റെ നിലപാടെന്നും സെന്തിൽ ബാലാജി പരിഹസിച്ചു. എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിജയ് വാഹനത്തിന് മുകളിൽ നിന്നത് 19 മിനിറ്റാണ്. സെന്തിൽ ബാലാജിയെ കുറിച്ച് അവസാനം സംസാരിക്കാം എന്നാണ് പറഞ്ഞത്. ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ ചെരുപ്പ് എറിഞ്ഞു. തന്നെ കുറിച്ച് പരാമർശിച്ചത് 16ആം മിനിട്ടിലാണ്. സ്വന്തം പിഴവുകൾ മറച്ചുവെച്ച് സർക്കാരിന് മേൽ പഴി ചാരാനാണ് ശ്രമം. വിജയ് തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സെന്തിൽ ബാലാജി പറഞ്ഞു.
പാർട്ടി ഏതെന്ന് നോക്കിയല്ല തന്റെ ഇടപെടലുകൾ. ആളുകളെ സഹായിക്കാൻ ഓടിയെത്തുന്നത് ശീലമാണ്. താൻ ആശുപത്രിയിൽ എത്തുമ്പോൾ മറ്റു പാർട്ടിക്കാരും അവിടെയുണ്ടായിരുന്നു. താൻ എന്താണ് ചെയ്യേണ്ടിയിരുന്നത്?, ടിക്കറ്റ് എടുത്തു ചെന്നൈക്ക് പോകണമായിരുന്നോ? എന്നും ബാലാജി ചോദിച്ചു. സംഭവമുണ്ടായപ്പോൾ വിജയ് രാഷ്ട്രീയക്കാരന്റെ കടമ നിർവഹിച്ചുവെന്നും ബാലാജി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.