മുതിർന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: രാജ്യത്തെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും സി.പി.എം സ്ഥാപകരിൽ ഒരാളുമായ എൻ. ശങ്കരയ്യ ചെന്നൈയിൽ അന്തരിച്ചു. 101 വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം ഈമാസം 13നാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പത്തു ദിവസം മുമ്പുവരെ പൊതുകാര്യങ്ങളിൽ സജീവമായിരുന്നു. 1964ൽ സി.പി.ഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയ 32 നേതാക്കളിൽ ഒരാളാണ് ശങ്കരയ്യ. ഇവരിൽ ഇനി ജീവിച്ചിരിക്കുന്ന ഒരേയൊരാൾ വി.എസ്. അച്യുതാനന്ദനാണ്.

1922 ജൂലൈ 15ന് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന കോവിൽപട്ടിയിലാണ് ജനനം. വിദ്യാർഥികാലഘട്ടത്തിലേ രാഷ്ട്രീയത്തിൽ സജീവമായി. 1941ൽ മധുര അമേരിക്കൻ കോളജിൽ പഠിക്കുമ്പോൾ എ.കെ.ജിയുമായി പരിചയപ്പെട്ടു. വിദ്യാർഥികളെ സംഘടിപ്പിച്ചതിന്റെ പേരിൽ അതേ വർഷം ജയിലായി. തുടർന്ന് പഠനം മുടങ്ങി.

രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകുമെന്ന് ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മധുരൈ കാമരാജ് സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗവർണർ ആർ.എൻ. രവി ഇതിന് അംഗീകാരം നൽകിയില്ല. 2021ൽ മുഖ്യമന്ത്രിയുടെ ‘താഗൈസാൽ തമിഴർ അവാർഡ്’ ശങ്കരയ്യക്ക് നൽകിയെങ്കിലും അവാർഡ് തുകയായ 10 ലക്ഷം രൂപ അദ്ദേഹം സർക്കാറിന്റെ കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയായിരുന്നു.

ക്വിറ്റിന്ത്യ മുന്നേറ്റത്തിൽ സജീവമായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് എട്ടുവർഷം ജയിലിൽ കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് 16 മാസവും തടവുശിക്ഷ അനുഭവിച്ചു. മികച്ചപ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. സി.പി.എം മുഖപത്രം ‘തീക്കതിരി’ന്റെ പത്രാധിപരായും സേവനമനുഷ്ഠിച്ചു.

നവമണിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. മക്കളായ ചന്ദ്രശേഖറും നരസിംഹനും പാർട്ടി നേതാക്കളാണ്. വ്യാഴാഴ്ചയാണ് സംസ്ഥാന ബഹുമതികളോടെയുള്ള സംസ്കാരം. മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ദീർഘകാലം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, തമിഴ്നാട് സെക്രട്ടറി, അഖിലേന്ത്യ കിസാൻസഭ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967, 77, 80 വർഷങ്ങളിൽ തമിഴ്നാട് എം.എൽ.എ ആയിരുന്നു.

Tags:    
News Summary - Senior CPM leader N Shankaraiah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.