മദ്രസകൾക്കെതിരായ നീക്കത്തിനെതിരെ അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: എല്ലാ മദ്രസകളും സർക്കാർ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ കൊണ്ടുവന്ന ബിൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉറപ്പുകളുടെയും മൗലികാവകാശങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്ത് മതപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് മദ്രസകൾ എന്നും ഇതി​ന്റെ നടത്തിപ്പ് ഇന്ത്യൻ ഭരണഘടന മൗലികാവകാശമായി അംഗീകരിച്ചതാണെന്നും ബോർഡ് ഓർമിപ്പിച്ചു.

മതപരമായ ഏത് ഉള്ളടക്കം പഠിപ്പിക്കാമെന്നും പഠിപ്പിക്കരുതെന്നും സർക്കാർ വിദ്യാഭ്യാസ ബോർഡ് നിർണയിക്കുമെന്ന് പറയുന്ന ബില്ലിൽ സർക്കാർ പാഠ്യപദ്ധതിയും നിഷ്‍കർഷിക്കുന്നുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ നിന്നുള്ള പ്രതീക്ഷകൾക്ക് വിരുദ്ധവുമാണിത്. ഭരണഘടന ഉറപ്പുനൽകുന്ന മദ്രസകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കേണ്ടത് മുഴുവൻ മുസ്ലീം സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട ചില കേസുകൾ നിലവിൽ ഉത്തരാഖണ്ഡ് ഹൈകോടതിയുടെ പരിഗണനയിലാണെന്നും ആവശ്യമെങ്കിൽ, വിഷയം സുപ്രീം കോടതിയിലേക്ക് കൊണ്ടുവരുമെന്നും ബോർഡ് തുടർന്നു.

അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അർശദ് മദനി, മജ്‌ലിസ് ഇത്തിഹാദെ മില്ലത്ത് പ്രസിഡൻ്റ് മൗലാന ഉബൈദുല്ല ഖാൻ ആസ്മി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സഅദത്തുല്ല ഹുസൈനി, ജംഇയ്യത്ത് അഹ്​ലെ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗർ അലി ഇമാം മെഹ്ദി സലഫി, ബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ്. ഫസലുർ റഹീം മുജദ്ദിദി തുടങ്ങിയവർ സംയുക്ത പ്രസ്താവനയില ഒപ്പുവെച്ചു.

Tags:    
News Summary - Uttarakhand Madrasa Bill is unconstitutional; Muslim Personal Law Board to move Supreme Court if necessary.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.