ബംഗളൂരു: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മകൻ നരാ ലോകേഷിനെയും പരിഹസിച്ചു എന്നാരോപിച്ച് ബംഗളൂരുവിലെ സ്റ്റാൻഡ് അപ് കോമഡി ഷോ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) പ്രവർത്തകർ തടഞ്ഞു. ഹൈദരാബാദ് സ്വദേശിയായ കോമഡി താരം ശരത് ഉദയിന്റെ ഷോയാണ് ഒരു സംഘം ആളുകൾ സ്റ്റേജിൽ അതിക്രമിച്ചു കയറി അലങ്കോലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ബംഗളൂരുവിലെ കൊരമംഗലയിലുള്ള 'മിനിസ്ട്രി ഓഫ് കോമഡി'യിലാണ് സംഭവം.
2024 ഡിസംബറിൽ ശരത് ഉദയ് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലെ പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ഈ വിഡിയോയിൽ ചന്ദ്രബാബു നായിഡുവിനെതിരെയുണ്ടായ വധശ്രമത്തെക്കുറിച്ചും മകൻ നരാ ലോകേഷിനെക്കുറിച്ചും ശരത് തമാശകൾ പറഞ്ഞിരുന്നു. നായിഡുവിന് പുറമെ വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളായ റോജ, ഗുഡിവാല അമർനാഥ് എന്നിവരെയും താരം അന്ന് പരിഹസിച്ചിരുന്നു.
ശരത് ഉദയ് പ്രകടനം തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണികൾക്കിടയിൽ നിന്നെത്തിയ ഒരു സംഘം സ്റ്റേജിലേക്ക് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. മുമ്പ് മാപ്പുപറഞ്ഞതാണെന്ന് ശരത് വ്യക്തമാക്കിയെങ്കിലും വീണ്ടും മാപ്പുപറയണമെന്നും 'ജയ് ടി.ഡി.പി', 'ജയ് ലോകേഷ് അണ്ണാ' എന്നിങ്ങനെ വിളിക്കണമെന്നും ഇവർ നിർബന്ധിച്ചു. എന്നാൽ, ഇതിന് താരം തയാറായില്ല. തുടർന്ന് ഇവർ ശരത്തിനെ അസഭ്യം പറയുകയും ഭാവിയിൽ ഇത്തരം തമാശകൾ ആവർത്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തെ അപലപിച്ച് ടി.ഡി.പി സംസ്ഥാന പ്രസിഡന്റ് പല്ല ശ്രീനിവാസ റാവു രംഗത്തെത്തി. നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യപരമായ രീതിയിലല്ല പ്രവർത്തകർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പരാതികളുണ്ടെങ്കിൽ നിയമപരമായി നീങ്ങണമെന്നും പാർട്ടിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പെരുമാറരുതെന്നും അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകി. അതേസമയം, പ്രശസ്തിക്ക് വേണ്ടി രാഷ്ട്രീയ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വെക്കുന്ന കോമഡി താരങ്ങളുടെ രീതിയും ശരിയല്ലെന്ന് പാർട്ടി നിരീക്ഷിച്ചു.സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പവൻ കല്ല്യാണിനെ പരിഹസിച്ചുവെന്നാരോപിച്ച് മറ്റൊരു കോമഡി താരമായ അനുദീപ് കാട്ടിക്കലക്കെതിരെയും ജനസേന പാർട്ടി പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.