ക്വാഡ് വിദേശകാര്യ മന്ത്രിമാർ
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ ശക്തമാക്കാനും സമുദ്രവ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള 'ക്വാഡ്' സഖ്യത്തിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗത്തിന് ഇന്ത്യ വേദിയാകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പ്രത്യേക ക്ഷണപ്രകാരം അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മേധാവികൾ മേയ് 26ന് ന്യൂഡൽഹിയിൽ ഒത്തുചേരും.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്നത്. ക്വാഡ് യോഗത്തിന് പുറമെ ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഡോ. എസ്. ജയശങ്കറുമായും വ്യക്തിപരമായി പ്രത്യേക ചർച്ചകൾ നടത്തും.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് വാഷിങ്ടണിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ ഡൽഹി സമ്മേളനം. സമുദ്ര സുരക്ഷ ഉറപ്പാക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പൽ ഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് പ്രധാന ലക്ഷ്യം. കൂടാതെ, പുതിയ സാങ്കേതികവിദ്യകൾ പങ്കുവെക്കൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കൽ, ആഗോള വിപണിയിലെ വിതരണ ശൃംഖലകൾ (സപ്ലൈ ചെയിൻ) ശക്തിപ്പെടുത്തൽ എന്നിവയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള മാർക്കോ റൂബിയോയുടെ ആദ്യ ക്വാഡ് യോഗമാണിത്. ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പങ്കാളിയാണെന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും മുമ്പ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഊർജ സഹകരണം വലിയ തോതിൽ വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രധാന ചർച്ചകൾ ഈ സന്ദർശനത്തിലുണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.മേഖലയിലെ പുതിയ സുരക്ഷ വെല്ലുവിളികളും ആഗോള രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയാകുന്ന ഈ നയതന്ത്ര കൂട്ടായ്മയെ ലോകരാജ്യങ്ങൾ ഏറെ ഉറ്റുനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.