ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടക ‘കൈ’ വിടില്ല; ഈദിനയുടെ രണ്ടാം സർവേയും കോൺഗ്രസിനൊപ്പം

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കുമെന്ന് കന്നഡ പോർട്ടലായ ഈദിനയുടെ ഏറ്റവും പുതിയ സർവേ. 2023ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 132 മുതൽ 140 വരെ സീറ്റുകളോടെ കോൺഗ്രസ് വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ഏക മാധ്യമ സ്ഥാപനമാണ് ഈദിന.

2004 മുതലുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തുണക്കുന്ന സംസ്ഥാനം, ഇത്തവണ മാറി ചിന്തിക്കുമെന്ന് സർവേ പറയുന്നു. കർണാടകയിൽ 46.41 ശതമാനം വോട്ടോടെ 13 മുതൽ 18 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് സർവേ പ്രവചിക്കുന്നത്. ബി.ജെ.പി ജനതാദൾ സഖ്യത്തിന് 44.27 ശതമാനം വോട്ട് ലഭിക്കുമെന്നും 10 മുതൽ 12 സീറ്റ് വരെ ലഭിക്കാമെന്നും സർവേ പറയുന്നു.

എല്ലാ പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് ശേഷം ഈദിനയുടെ പ്രവർത്തകർ വിവിധ പശ്ചാത്തലത്തിലുള്ള 42,674 വോട്ടർമാരുടെ അഭിപ്രായം തേടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തിൽ രണ്ടാമത്തെ സർവേയാണ് നടക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടത്തിയ ആദ്യ സർവേയും കോൺഗ്രസിന് മുൻതൂക്കം നൽകിയിരുന്നു. കോൺഗ്രസിന് 43.77 ശതമാനം വോട്ടോടെ 11 സീറ്റുകളും ബി.ജെ.പി-ജെ.ഡി (എസ്) 42.35 ശതമാനം വോട്ടും പത്ത് സീറ്റുകളും പ്രവചിച്ചിരുന്നു.

സർവേ കണക്കുകൾ പ്രകാരം ആര് മുന്നിലെത്തുമെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഈദിന പറഞ്ഞു. കുറഞ്ഞത് ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് വിജയവും ഏഴിടത്ത് ബി.ജെ.പി-ജെ.ഡി(എസ്) വിജയവും വളരെ വ്യക്തമാണെന്നും സർവേയിൽ പറയുന്നു.

മഹാലക്ഷ്മി യോജനക്ക് കീഴിൽ ഒരു കുടുംബത്തിന് പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന പ്രഖ്യാപനവും കർഷകരുടെ സമ്പൂർണ്ണ വായ്പ എഴുതിത്തള്ളലും എല്ലാവരിലേക്കും എത്തിയാൽ കോൺഗ്രസിന്‍റെ വോട്ട് വിഹിതം ഇനിയും വർധിക്കും. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് മോദി ഘടകം അനുകൂലമായി പ്രവർത്തിച്ചേക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. മോദിയുടെ പത്തുവർഷത്തെ ഭരണത്തിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചതായി സർവേയിൽ പങ്കെടുത്തവർ വിശ്വസിക്കുന്നുണ്ടെങ്കിലും മോദി അഴിമതിക്കാരനല്ലെന്ന് പറയുന്നവരുടെ എണ്ണവും കൂടുതലാണ്

Tags:    
News Summary - Second Eedina Survey Also Says Cong. Ahead of BJP-JD(S), May Spring Surprise in K'taka LS Poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.