എം. വെങ്കിടേശൻ

'അണ്ണാമലൈ ഞങ്ങളുടെ ശത്രുവല്ല'; തമിഴ്‌നാട്ടിൽ പ്രധാനമന്ത്രിയാവാൻ യോഗ്യരായ ആരുമില്ലെന്നും ബിജെപി സെക്രട്ടറി എം. വെങ്കിടേശൻ

ചെന്നൈ: രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ തക്കതായ ഒരു നേതാവ് നിലവിൽ തമിഴ്‌നാട്ടിൽ ഇല്ലെന്ന് ബിജെപിയുടെ തമിഴ്‌നാട്ടിൽ നിന്നുള്ള പുതിയ ദേശീയ സെക്രട്ടറി എം. വെങ്കിടേഷൻ. രാജ്യസ്നേഹവും ജനങ്ങളോട് യഥാർത്ഥ പ്രതിബദ്ധതയുമുള്ള അത്തരം ഒരു ദേശീയ നേതാവ് തമിഴ്‌നാട്ടിൽ നിന്ന് ഉയർന്നുവന്നാൽ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് ബിജെപിയായിരിക്കുമെന്നും, എന്നാൽ അതിനുള്ള സമയം ഇപ്പോൾ ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ചില കോണുകൾ ചർച്ചയാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്‌നാട്ടിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ സംഭാവന ചെയ്യാൻ ബിജെപിക്കോ മറ്റ് പാർട്ടികൾക്കോ ഇപ്പോൾ സാധിക്കുമോ എന്ന ചോദ്യത്തിന്, ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പര്യാപ്തമായ നേതൃത്വം ഇനിയും സംസ്ഥാനത്ത് വളർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം മറുപടി നൽകി.

തമിഴ്‌നാടിന്റെ സാമ്പത്തിക വികസനത്തിനും വിഘടനവാദ രാഷ്ട്രീയം അവസാനിപ്പിക്കാനും സംസ്ഥാനത്ത് ഒരു ബിജെപി സർക്കാർ അനിവാര്യമാണെന്ന് വെങ്കിടേഷൻ പറഞ്ഞു. 2031-ഓടെ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് പാർട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ അന്തിമ തീരുമാനമെടുക്കുമെന്നും, താഴെത്തട്ടിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാണ് നിലവിൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടികളെ ബിജെപി ശക്തമായി എതിർക്കും. ഡിഎംകെയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം ജനവിരുദ്ധമായിരുന്നു. ജനവിരുദ്ധ തീരുമാനങ്ങൾ എടുക്കുകയോ വാഗ്ദാനങ്ങൾ ലംഘിക്കുകയോ ചെയ്താൽ പുതിയ ടി.വി.കെ സർക്കാരിനെയും ബിജെപി തുറന്നെതിർക്കും. കെ. അണ്ണാമലൈയുടെ 'വി ദ ലീഡേഴ്സ്' മുന്നേറ്റം പാർട്ടിയുടെ ശത്രുവല്ലെന്നും എന്നാൽ അത് ബിജെപിയുടെ നയങ്ങൾക്കോ ദേശീയ താൽപ്പര്യങ്ങൾക്കോ എതിരായാൽ അണ്ണാമലൈ അടക്കമുള്ളവരെ രാഷ്ട്രീയമായി എതിർക്കുമെന്നും വെങ്കിടേഷൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - ‘Tamil Nadu Doesn’t Have a Leader for PM Role Yet’: BJP National Secretary M Venkatesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.