ഐ.എസ്.ആർ.ഒ

ഐ.എസ്.ആർ.ഒ സ്വകാര്യവത്കരണ നീക്കം: വ്യക്തത തേടി ജീവനക്കാരുടെ സംഘടനകൾ

ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ നിർമാണ, പ്രവർത്തന ചുമതലകൾ സ്വകാര്യ മേഖലയിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കൈമാറാനുള്ള റിപ്പോർട്ടുകളിൽ ഔദ്യോഗിക വ്യക്തത തേടി ജീവനക്കാരുടെ സംഘടനകൾ. വിവിധ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒമ്പത് സംഘടനകൾ ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണന് നിവേദനം നൽകി.

സെപ്റ്റംബർ നാലിന് നൽകിയ സംയുക്ത നിവേദനത്തിൽ, ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങൾ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഇൻ-സ്പേസ് ചെയർമാൻ പവൻ കുമാർ ഗോയങ്കയുടെ പരാമർശങ്ങളും സംഘടനകൾ ചൂണ്ടിക്കാട്ടി. ഐ.എസ്.ആർ.ഒ ഭാവിയിൽ വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ലെന്നും നിർമാണം സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ഏറ്റെടുക്കുമെന്നുമുള്ള ഗോയങ്കയുടെ പരാമർശമാണ് പ്രധാനമായും ഉന്നയിച്ചത്.

എസ്.എസ്.എൽ.വി സാങ്കേതികവിദ്യയും നിർമാണാവകാശവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ) കൈമാറിയതായും പി.എസ്.എൽ.വി, എൽ.വി.എം-3 എന്നിവയിലേക്കും ഇത് വ്യാപിപ്പിക്കാൻ നീക്കമുണ്ടെന്നുമുള്ള റിപ്പോർട്ടുകളും സംഘടനകൾ ചൂണ്ടിക്കാട്ടി. സാധാരണ ഉപഗ്രഹ നിർമാണവും പുതിയ വിക്ഷേപണ സൗകര്യങ്ങളുടെ പ്രവർത്തനവും സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ നീക്കമുണ്ടെന്നും നിവേദനത്തിൽ പറയുന്നു.

എന്നാൽ ഇതുസംബന്ധിച്ച് ബഹിരാകാശ വകുപ്പിൽനിന്ന് ജീവനക്കാർക്ക് ഔദ്യോഗിക നയരേഖയോ വിശദീകരണമോ ലഭിച്ചിട്ടില്ലെന്നാണ് സംഘടനകളുടെ പരാതി. വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപന, നിർമാണം, സംയോജനം, പരീക്ഷണം, വിക്ഷേപണം എന്നിവ ഐ.എസ്.ആർ.ഒയുടെ അടിസ്ഥാന സാങ്കേതികശേഷിയുടെ ഭാഗമാണെന്നും ഇവ പുറത്തേക്ക് മാറ്റുന്നത് സ്ഥാപനത്തിന്റെ ആഭ്യന്തര ശേഷിയെയും ജീവനക്കാരുടെ നിയമന, സ്ഥാനക്കയറ്റ സാധ്യതകളെയും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

സ്വകാര്യ വ്യവസായ പങ്കാളിത്തത്തെയോ ബഹിരാകാശ മേഖലയിലെ വാണിജ്യവത്കരണത്തെയോ എതിർക്കുന്നില്ലെന്നും എന്നാൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം ഐ.എസ്.ആർ.ഒയുടെ ആഭ്യന്തര ശേഷി നിലനിർത്തുന്നതിനുള്ള വ്യക്തമായ നയം വേണമെന്നും സംഘടനകൾ വ്യക്തമാക്കി.

ഇൻ-സ്പേസ് ചെയർമാന്റെ പരാമർശങ്ങൾ കേന്ദ്രസർക്കാരിന്റെ അംഗീകൃത നയമാണോ, പി.എസ്.എൽ.വി, എൽ.വി.എം-3, എസ്.എസ്.എൽ.വി തുടങ്ങിയ വിക്ഷേപണ വാഹനങ്ങളുടെ ഭാവി ചുമതല ഐ.എസ്.ആർ.ഒയിൽ തുടരുമോ, സ്വകാര്യ മേഖലയിലേക്കുള്ള കൈമാറ്റം ജീവനക്കാരുടെ അംഗീകൃത തസ്തികകൾ, നിയമനം, സ്ഥാനക്കയറ്റം എന്നിവയെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളിൽ സമയബന്ധിതമായി രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ആവശ്യം.

കോർ പ്രവർത്തനങ്ങൾ തിരിച്ചെടുക്കാനാകാത്ത വിധം കൈമാറില്ലെന്ന് ഉറപ്പുനൽകണമെന്നും പ്രധാന തീരുമാനങ്ങൾക്ക് മുമ്പ് ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി കൂടിയാലോചന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - ISRO Employees Seek Clarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.