‘നിങ്ങളുടെ മകൻ ഇവിടെയുണ്ട്’; മകന്റെ മൃതദേഹം സംസ്കരിച്ച് 15ാം ദിവസം ഫോൺ വിളിയെത്തി, ആശ്വാസത്തിൽ കുടുംബം
കപൂർത്തല: മകനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന വേദനകൾക്കിടെ കുടുംബത്തെ തേടിയെത്തി ‘മകൻ ജീവനോടെയുണ്ടെന്ന’ ആശ്വാസ വാർത്ത. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം.
മകൻ മരിച്ചുവെന്ന് കരുതി മൃതദേഹം സംസ്കരിച്ച് 15 ദിവസത്തിന് ശേഷമാണ് കുടുംബത്തെ തേടി ഫോൺ വിളിയെത്തിയത്. ജയിലിൽനിന്നായിരുന്നു ഫോൺ കോൾ. ‘നിങ്ങളുടെ മകൻ ജീവനോടെയുണ്ട്’ എന്നായിരുന്നു ജയിൽ ജീവനക്കാരൻ കുടുംബത്തെ അറിയിച്ചത്.
കപൂർത്തല സ്വദേശിയായ രവികുമാർ ആഗസ്റ്റ് അഞ്ചിനാണ് വീടുവിട്ട് പോയത്. പിതാവും സഹോദരനും ചേർന്ന് നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ആഗസ്റ്റ് 11ന് കുടുംബം കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനിലെത്തി മകനെ കാണാനില്ലെന്ന് പരാതി നൽകി.
അതിനിടെ, കാഞ്ചലി റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി കുടുംബത്തെ പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ പ്രയാസമായിരുന്നു. പൊലീസ് കാണിച്ച ചിത്രങ്ങളും വസ്ത്രങ്ങളും അടിസ്ഥാനമാക്കി കുടുംബം മൃതദേഹം രവിയുടേതാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 13ന് കുടുംബം മൃതദേഹം സംസ്കരിക്കുകയും ആചാര പ്രകാരം പ്രാർഥനാ ചടങ്ങുകൾ നടത്തുകയും ചെയ്തു.
എന്നാൽ, സെപ്റ്റംബർ രണ്ടിന് കപൂർത്തല സെൻട്രൽ ജയിലിലെ ജീവനക്കാരനിൽനിന്ന് കുടുംബത്തിന് ഫോൺ കോൾ ലഭിക്കുകയായിരുന്നു. രവി കുമാർ എന്നൊരാൾ ഇവിടെ ജയിലിലുണ്ട് എന്നായിരുന്നു വിവരം. മരിച്ചെന്ന് കരുതിയ മകൻ ജീവനോടെ ഉണ്ടെന്നറിഞ്ഞതോടെ ഉടൻതന്നെ കുടുംബം ജയിലിലെത്തി. മകൻ ജീവനോടെയുണ്ടെന്ന് കുടുംബം പൊലീസിനെ അറിയിക്കുകയും ചെയ്തു. നഗരത്തിൽ സംശയാസ്പദമായ രീതിയിൽ അലഞ്ഞുതിരിഞ്ഞു നടന്ന രവിയെ ജലന്ധർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കപൂർത്തല സെൻട്രൽ ജയിലിലേക്ക് മാറ്റി.
അതേസമയം, രവികുമാറിന്റെ മൃതദേഹമെന്ന് കരുതി സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നതാണ് ഉയരുന്ന ചോദ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതശരീരം തിരിച്ചറിയുന്നതിൽ സംഭവിച്ച പിഴവ്, പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.